കെജ്രിവാളിനേയും എഎപിയേയും പ്രശംസിച്ച് മിലിന്ദ്; കോണ്‍ഗ്രസ് വിട്ടോളൂവെന്ന് അജയ് മാക്കന്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം നേടി മൂന്നാംതവണയും ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരത്തിലേറിയ അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ. കെജ്രിവാള്‍ തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് പറയുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു മിലിന്ദ് ദേവ്റയുടെ ട്വീറ്റ്.

ഡല്‍ഹി സര്‍ക്കാര്‍ തങ്ങളുടെ വരുമാനം അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ട് ഇരട്ടി വര്‍ധിപ്പിച്ച് അറുപതിനായിരം കോടിയിലെത്തിച്ചുവെന്ന് മിലിന്ദ് ദേവ്റ ട്വിറ്ററില്‍ കുറിച്ചു.കൂടാതെ അഞ്ചുവര്‍ഷമായി റവന്യൂ സര്‍പ്ലസ് നിലനിര്‍ത്താനും സാധിച്ചു. ഇന്ത്യയിലെ ഏറ്റവും സാമ്പത്തികജാഗ്രതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഡല്‍ഹി- എന്ന പിന്‍കുറിപ്പോടെയാണ് മിലിന്ദ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.

എന്നാല്‍ എഎപിയേയും കെജ്രിവാളിനേയും അഭിനന്ദിച്ച മിലിന്ദ് ദേവ്റയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ രംഗത്തെത്തി. സഹോദരാ, വേണമെങ്കില്‍ കോണ്‍ഗ്രസ് വിട്ടോളൂ. ശേഷം അര്‍ധസത്യങ്ങള്‍ പ്രചരിപ്പിച്ചു കൊള്ളൂ- അജയ് മാക്കന്‍ ട്വീറ്റ് ചെയ്തു.

Top