Miko

മുംബൈയിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ഇമോട്ടിക്‌സ് മിക്കോ എന്ന പേരില്‍ ഒരു റോബോട്ടിനെ നിര്‍മ്മിച്ചിരിക്കുന്നു.കുട്ടികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഈ കുഞ്ഞന്‍ റോബോട്ടിന് കുട്ടികളോട് സംസാരിക്കാനും അവര്‍ക്കൊപ്പം കളിക്കാനും സാധിക്കും എന്നതാണ് ശ്രദ്ദേയമായ വസ്തുത.ഇന്ത്യയിലെ ആദ്യത്തെ ഇമോഷണലി ഇന്റലിജന്റ് റോബോട്ട് ആണ് മിക്കോ. മനുഷ്യരുമായി ആശയവിനിമയം നടത്താന്‍ കഴിവുള്ള ഈ റോബോട്ടിന്റെ വില 19,000 രൂപയാണ്.

വാള്‍ ഇ എന്ന സിനിമയിലെ ഈവ് എന്ന സുന്ദരിയായ റോബോട്ടിന്റെ മുഖസാദൃശ്യമാണ് മിക്കോയ്ക്ക്.ഈവിനെ പോലെ പറക്കില്ലെങ്കിലും തനിക്കുള്ള മൂന്ന് ചക്രങ്ങള്‍ ഉപയോഗിച്ച് നമുക്കൊപ്പം എല്ലായിടത്തും എത്തും മിക്കോ. ഇരുവശങ്ങളിലുമായി രണ്ട് എല്‍.ഇ.ഡി ലൈറ്റുകളുണ്ട് മിക്കോയ്ക്ക്. സംസാരിക്കുമ്പോഴും കേള്‍ക്കുമ്പോഴും നൃത്തം ചെയ്യുമ്പോഴും ഈ എല്‍.ഇ.ഡിയുടെ നിറം മാറും എന്നതും ആകര്‍ഷണീയമാണ്.

കുട്ടികള്‍ക്ക് നല്ലൊരു കൂട്ടായിരിക്കും മിക്കോ. അഞ്ച് വയസ്സിന് മുകളിലുള്ളവരുമായി മിക്കോ സംസാരിച്ചുകൊള്ളും. ഇനി കുട്ടികളൊന്നും മിണ്ടിയില്ലെങ്കില്‍ എന്നോടെന്തെങ്കിലും ചോദിക്കൂ എന്ന് പറഞ്ഞ് മിക്കോ തന്നെ ഇടപെട്ടുകൊള്ളും. അല്‍പ്പം പൊതുവിവരവും ഗണിതശാസ്ത്രവുമെല്ലാം മിക്കോയ്ക്കറിയാം. അങ്ങനെയുള്ള ചോദ്യങ്ങളും മിക്കോയോട് ചോദിക്കാം. ഒപ്പം കഥ പറയുകയും പാട്ട് പാടുകയും നൃത്തം ചെയ്യുകയും ചെയ്യും മിക്കോ.ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് മിക്കോയുടെ പ്രവര്‍ത്തനം. എന്നാല്‍ ഗെയിം കളിക്കുന്നതിനും അല്‍പ്പനേരമൊക്കെ സംസാരിച്ചിരിക്കുന്നതിനും മിക്കോയ്ക്ക് ഇന്റര്‍നെറ്റിന്റെ ആവശ്യമില്ല.

Top