മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു

മോസ്‌കോ: സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ്(91) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്നു. മോസ്കോയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് അന്ത്യം. ആശുപത്രിയെ ഉദ്ധരിച്ച് റഷ്യൻ വാർത്താഏജൻസികളാണ് മരണവിവരം പുറത്തുവിട്ടത്.

രക്തച്ചൊരിച്ചിൽ ഇല്ലാതെ ശീതയുദ്ധം അവസാനിപ്പിച്ച നേതാവാണ് വിടപറയുന്നത്. ആറ് വർഷം യുഎസ്എസ്ആറിന്റെ പ്രസിഡന്റായിരുന്ന ​ഗോർബച്ചേവ് സോവിയറ്റ് യൂണിയനെ ജനാധിപത്യവൽകരിക്കാനുള്ള ശ്രമങ്ങളുടെ പേരിൽ വിമർശനങ്ങൾ നേരിട്ടു. ശീതയുദ്ധം അവസാനിപ്പിക്കാനായെങ്കിലും സോവിയറ്റ് യൂണിയന്റെ തകർച്ച ഒഴിവാക്കാൻ ഗോർബച്ചേവിനായില്ല. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ഉത്തരവാദി എന്ന പേരിലും ഗോർബച്ചേവ്‌വിമർശിക്കപ്പെട്ടു.

1990 ൽ സമാധാനത്തിന് ഉളള നൊബേൽ സമ്മാനം നേടി. പെരിസ്ട്രോയിക്ക,ഗ്ലാസ്നോറ്റ് സിദ്ധാന്തങ്ങൾ മിഖായേൽ ഗോർബച്ചേവിന്റേതാണ്. വധ ശ്രമങ്ങളൽ നിന്ന് പലതവണ മിഖായേൽ ഗോർബച്ചേവ് രക്ഷപെട്ടിട്ടുണ്ട്. മിഖായേൽ ഗോർബച്ചേവിൻറെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഉൾപ്പെടെയുള്ള ലോകനേതാക്കൾ അനുശോചിച്ചു.

1931ൽ പ്രിവോയ്‌ലിയിൽ കർഷക കുടുംബത്തിലാണ് ഗോർബച്ചേവിന്റെ ജനനം. മോസ്‌കോ സ്‌റ്റേറ്റ് സർവകലാശാലയിലെ പഠനത്തിനിടയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായി. 1985ൽ 54ാം വയസിൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി. പിന്നീട് സോവിയറ്റ് യൂണിയന്റെ എട്ടാമത്തെ പ്രസിഡന്റുമായി.

Top