നായകനെ കവച്ചു വെക്കുന്ന വില്ലന്‍ ; ‘മിഖായേല്‍’ രണ്ടാം ടീസര്‍ കാണാം

ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്യുന്ന’ മിഖായേലി’ ന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. റിലീസ് ചെയ്ത നിമിഷം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ് ഈ ടീസര്‍. മിഖായേല്‍ എന്ന നായക വേഷത്തില്‍ നിവിന്‍ പോളിയും മാര്‍ക്കോ എന്ന വില്ലന്‍ വേഷത്തില്‍ ഉണ്ണി മുകുന്ദനും തകര്‍ത്താടിയ ഒരു ടീസര്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. നായകനെ കവച്ചു വെക്കുന്ന വില്ലന്‍ പരിവേഷം ആണ് ഉണ്ണി മുകുന്ദന്‍ ഈ ടീസറില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ കാഴ്ച വെച്ചിരിക്കുന്നത്.

ചിത്രം ജനുവരി 18ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ നിര്‍മാണം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് നിര്‍വഹിക്കുന്നത്. ദി ഗ്രേറ്റ് ഫാദര്‍, അബ്രഹാമിന്റെ സന്തതികള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹനീഫ് അദേനി തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ് മിഖായേല്‍. ഫാമിലി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ മഞ്ജിമയാണ് നായിക. നിവിന്‍ പോളി ഒരു ഡോക്ടറുടെ വേഷത്തിലാണ് എത്തുന്നത്.

ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, അശോകന്‍, ജെ. ഡി ചക്രവര്‍ത്തി, സുദേവ് നായര്‍, സുരാജ് വെഞ്ഞാറമൂട്, കിഷോര്‍, ഷാജോണ്‍, സിജോയ് വര്‍ഗീസ്, ഡാനിയേല്‍ ബാലാജി, ജെ പി , ശാന്തി കൃഷ്ണ, കെ പി എ സി ലളിത, നവനി ദേവാനന്ദ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍, എഡിറ്റിങ് മഹേഷ് നാരായണന്‍, പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍.

Top