ആണവനിരായുധീകരണം; സമാധാനപരമായ ചര്‍ച്ചകള്‍ ആവശ്യമെന്ന് പോംപിയോ

സോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി വീണ്ടും കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. മുന്‍പത്തേക്കാള്‍ ഫലപ്രദമായ കൂടിക്കാഴ്ചയായിരുന്നു ഇത്തവണത്തേതെന്നു ചര്‍ച്ചയ്ക്കു ശേഷം പോംപിയോയുടെ വക്താവ് വ്യക്തമാക്കി. എന്നാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും സമാധാനത്തിലേക്കുള്ള വഴി ഇനിയും ഏറെ താണ്ടാനുണ്ടെന്നും വക്താവ് അറിയിച്ചു.

യുഎസ് പ്രതിനിധി സംഘത്തോടൊപ്പം ഇതു നാലാം തവണയാണു പോംപിയോ ഉത്തരകൊറിയയിലെത്തുന്നത്. കിമ്മുമായുള്ള ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു. സമാധാനത്തിലേക്കുള്ള യാത്രയ്ക്കിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസം വളര്‍ത്തുകയെന്നതാണു തന്റെ സന്ദര്‍ശന ലക്ഷ്യമെന്നു പോംപെയോ കൂടിക്കാഴ്ചയെപ്പറ്റി പറഞ്ഞു.

സിംഗപ്പൂര്‍ ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാര്‍ അനുസരിച്ചു മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസും ഉത്തര കൊറിയയും തമ്മില്‍ ആണവനിരായുധീകരണം സംബന്ധിച്ചു നിലനില്‍ക്കുന്ന ചില പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു പ്രധാനമായും ഇത്തവണത്തെ കൂടിക്കാഴ്ച.

സിംഗപ്പൂര്‍ ഉച്ചകോടിയിലെ ഉറപ്പുകള്‍ ഉത്തര കൊറിയ പാലിക്കുന്നതിലെ പുരോഗതിയും പോംപിയോയുടെ സംഘം വിലയിരുത്തി. കിമ്മുമായി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വീണ്ടും കൂടിക്കാഴ്ച നടത്തുന്നതു സംബന്ധിച്ച ചര്‍ച്ചകളും നടന്നു.

image2

എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജപ്പാനില്‍ സന്ദര്‍ശനം ആരംഭിച്ച് പോംപിയോ അവിടെ നിന്നാണ് ഉത്തര കൊറിയയിലേക്കു പോയത്. ദക്ഷിണ കൊറിയയിലും ചൈനയിലും അദ്ദേഹം സന്ദര്‍ശനം നടത്തുന്നുണ്ട്.

Top