യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി മൈക്ക് പെന്‍സ്

വാഷിങ്ടണ്‍: 2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് യുഎസ് മുന്‍ വൈസ് പ്രസിഡന്റും റിപ്പബ്ലിക്കന്‍ നേതാവുമായ മൈക്ക് പെന്‍സ് പിന്മാറി. ഇത് തന്റെ സമയമല്ല. പ്രസിഡന്റിനായുള്ള തന്റെ പ്രചാരണം താല്‍ക്കാലികമായി നിര്‍ത്താന്‍ താന്‍ തീരുമാനിച്ചു. ഇതൊരു വലിയ യുദ്ധമാണെന്ന് തങ്ങള്‍ക്കറിയാമായിരുന്നു. പക്ഷേ എനിക്ക് ഖേദമില്ലെന്നും മൈക്ക് പെന്‍സ് അറിയിച്ചു. ലാസ് വെഗാസില്‍ നടന്ന റിപ്പബ്ലിക്കന്‍ ജൂത സഖ്യത്തിന്റെ വാര്‍ഷിക യോഗത്തിലാണ് മൈക്ക് പെന്‍സിന്റെ പ്രഖ്യാപനം.

പ്രചാരണം നടത്തിയിരുന്നെങ്കിലും ജനപ്രീതി കുറഞ്ഞതോടെയാണ് പെന്‍സിന്റെ പിന്മാറ്റം. ജിഒപി (ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി അഥവാ റിപ്പബ്ലിക്കന്‍ പാര്‍ട്ടി) ഡിബേറ്റില്‍ പെന്‍സിന്റെ നിലപാടുകള്‍ക്ക് വോട്ട് കുറഞ്ഞിരുന്നു. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മത്സരത്തില്‍ നിന്ന് പിന്മാറുന്ന മുഖ്യ സ്ഥാനാര്‍ത്ഥിയാണ് അറുപത്തിനാലുകാരനായ മൈക്ക് പെന്‍സ്. അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമിയും മത്സരിക്കുന്നുണ്ട്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തുടര്‍ച്ചയായ സ്വാധീനവും വിവേക് രാമസ്വാമി, റോണ്‍ ഡിസാന്റിസ് തുടങ്ങിയവരും കടുത്ത മത്സരമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടത്തുന്നത്.

ലോവയില്‍ വച്ച ജൂണ്‍ ഏഴിനാണ് പെന്‍സ് തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ പ്രചരണവും ആരംഭിച്ചിരുന്നു. റിപ്പബ്ലിക്കന്‍ നേതാവും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപുമായാണ് മൈക്ക് പെന്‍സ് മത്സരിച്ചിരുന്നത്. എന്നാല്‍ റിപ്പബ്ലിക്കന്‍ അനുഭാവികളില്‍ നിന്ന് പിന്തുണ നേടുന്നതില്‍ പെന്‍സ് പരാജയപ്പെടുകയായിരുന്നു. പെന്‍സിന് 600,000 ഡോളറിന്റെ കടബാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫണ്ടിന്റെ അഭാവം പെന്‍സിന്റെ ക്യാമ്പയിനെ തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.

Top