95 മിനിറ്റ്, 45 പന്തുകള്‍; സ്‌കോര്‍- പൂജ്യം !

ആന്റ്വിഗ: ഒന്നരമണിക്കൂര്‍ ക്രീസില്‍ നിന്നിട്ടും ഒരു റണ്‍സുപോലും നേടാതെ പൂജ്യത്തിന് പുറത്തായി കരീബിയന്‍ താരം മിഗ്വേല്‍ കമ്മിന്‍സ്. ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഒന്നാം ടെസ്റ്റിലാണ് 95 മിനിറ്റിനിടെ 45 പന്തുകള്‍ നേരിട്ടിട്ടും ഒരു റണ്‍സ് പോലുമെടുക്കാതെ കമ്മിന്‍സ് മടങ്ങിയത്.

എന്നാല്‍ ന്യൂസിലന്‍ഡിന്റെ ഗോഫ് അലോട്ടിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കമ്മിന്‍സിന് കഴിഞ്ഞില്ല. 1999 ല്‍ ഓക്ലന്‍ഡില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലാണ് ഗോഫ് റിക്കാര്‍ഡ് പൂജ്യം സൃഷ്ടിച്ചത്. 111 മിനിറ്റുകളാണ് ഗോഫ് ക്രീസില്‍ ചെലവഴിച്ചത്.

ക്യാപ്റ്റന്‍ ജാസന്‍ ഹോള്‍ഡര്‍ക്കൊപ്പം ഒമ്പതാം വിക്കറ്റില്‍ 41 റണ്‍സിന്റെ കൂട്ടുകെട്ടിന്റെ ഭാഗമായാണ് കമ്മിന്‍സ് കളത്തിലിറങ്ങിയത്. ക്യാപ്റ്റന്‍ പുറത്തായതിനു പിന്നാലെ ജഡേജയ്ക്കു വിക്കറ്റു നല്‍കി കമ്മിന്‍സ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചു.

ബാര്‍ബഡോസുകാരനായ കമ്മിന്‍സ് വലംകൈയന്‍ ഫാസ്റ്റ് ബൗളറാണ്. ബാറ്റ് ചെയ്യുന്നതാകട്ടെ, ഇടതുകൈ ഉപയോഗിച്ചും. 13 ടെസ്റ്റുകളില്‍ നിന്നായി കമ്മിന്‍സ് 27 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഈ മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സില്‍ 13 ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റ് നേടാനായിരുന്നില്ല.

Top