ട്രൂഡോയേക്കാള്‍ പ്രാപ്തന്‍ കണ്‍സര്‍വേറ്റീവ് നേതാവ് ആന്‍ഡ്രൂ ഷീറെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

ടൊറന്റോ: യു.എസില്‍ നിന്നും കാനഡയിലേയ്ക്കുള്ള അഭയാര്‍ത്ഥി പ്രവഹം രൂക്ഷമായതോടെ ഭൂരിഭാഗം കനേഡിയന്‍ പൗരന്മാരും ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിനെതിരെ തിരിഞ്ഞു. ആന്‍ഗസ് റെയ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്തവരാണ് അഭയാര്‍ത്ഥി പ്രശ്‌നം കൈകാര്യം ചെയ്യാന്‍ ട്രൂഡോയേക്കാള്‍ പ്രാപ്തന്‍ കണ്‍സര്‍വേറ്റീവ് നേതാവ് ആന്‍ഡ്രൂ ഷീര്‍ ആണെന്ന് അഭിപ്രായം രേഖപ്പെടുത്തിയത്.

അതിര്‍ത്തി കടന്ന് അനധികൃതമായി രാജ്യത്തെത്തിയവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കുടിയേറ്റ നയം രൂപീകരിക്കാനുള്ള പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ തീരുമാനമാണ് ഭൂരിഭാഗം കനേഡിയന്‍ പൗരന്മാരേയും ചൊടിപ്പിച്ചത്. അഭയാര്‍ത്ഥി പ്രവാഹം രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്‌നമാണെന്നും, സത്വര നടപടി അനിവാര്യമാണെന്നും സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

അതേസമയം സര്‍വ്വേയുടെ വെളിച്ചത്തില്‍ അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മറ്റുവഴികള്‍ ആരായുകയാണ്. ഈ വിഷയത്തില്‍ പൊതുജനാഭിപ്രായം പരിഗണിച്ചുമാത്രമേ തീരുമാനമെടുക്കാവൂ എന്നും, ആവശ്യമെങ്കില്‍ മറ്റു വഴികള്‍ തേടണമെന്നും ,ഫെഡറല്‍ അതിര്‍ത്തി മന്ത്രി ബില്‍ ബ്ലെയര്‍ പറഞ്ഞു. ഇത് നേരത്തെ സര്‍ക്കാര്‍ എടുത്ത നിലപാടില്‍ നിന്നും ഭിന്നമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Top