നാടണയാന്‍ രാത്രി യമുന നദി മുറിച്ച് കടന്ന് അതിഥി തൊഴിലാളികള്‍

ചണ്ഡിഗഡ്: യമുന നദി മുറിച്ച് കടന്ന് അതിഥി തൊഴിലാളികള്‍. ഹരിയാനയില്‍നിന്ന് ബിഹാറിലേക്കാണ് നൂറുകണക്കിനു വരുന്ന തൊഴിലാളികള്‍ ഇന്നലെ രാത്രിയാണ് സ്വദേശങ്ങളിലേയ്ക്ക് യാത്ര തിരിച്ചത്. ഉത്തര്‍പ്രദേശ് ഹരിയാന അതിര്‍ത്തി വഴി കടന്നുപോകുന്ന യമുന നദിയിലൂടെയാണ് ഇവരുടെ യാത്ര.

രണ്ടായിരത്തോളം പേരാണ് സാധനങ്ങള്‍ അടങ്ങിയ ഭാണ്ഡവും തലയിലേറ്റി നദി മുറിച്ചുകടക്കുന്നത്.ശക്തമായ വേനല്‍ തുടരുന്നതിനാല്‍ നദിയില്‍ ജലനിരപ്പ് കുറവായിരുന്നത് യാത്രയ്ക്ക് അനുകൂലമായി.

രാത്രിയില്‍ നദി മറികടക്കുന്നതുകൊണ്ട് റോഡീലൂടെ പോകുമ്പോഴുള്ള പൊലീസ് ചോദ്യംചെയ്യലും മര്‍ദ്ദനവും ഒഴിവാക്കാനാകും എന്നതുകൊണ്ടാണ് ഈ വഴി തിരഞ്ഞെടുക്കുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ബിഹാറിലേയ്ക്കും മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും പോകേണ്ടവരാണ് പല തൊഴിലാളികളും.

അതിഥി തൊഴിലാളികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും നിരവധിയാളുകളാണ് കാല്‍നടയായി യാത്ര ചെയ്യുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടായിരത്തിലധികം ആളുകളാണ് ഇത്തരത്തില്‍ നദി കടന്നത്. അപ്രതീക്ഷിതമായി ലോക്ഡൗണ്‍ വന്നതോടെ പലര്‍ക്കും ജോലി നഷ്ടപ്പെടുകയും താമസസ്ഥലങ്ങളില്‍ കുടുങ്ങുകയും ചെയ്യുകയായിരുന്നു.

നദീതീരത്ത് പൊലീസ് പരിശോധനയില്ലാത്തത് തൊഴിലാളികള്‍ക്ക് ഇവിടം കടക്കാന്‍ സഹായകമാകുന്നു. അതിര്‍ത്തി കടക്കാനെത്തുന്ന തൊഴിലാളികളില്‍ പലരും ഭക്ഷണം കഴിക്കാനില്ലാതെ എത്തുന്നവരാണ്. ഇവര്‍ക്ക് ഭക്ഷണം ലഭ്യമാക്കാറുണ്ടെന്നു സമീപഗ്രാമങ്ങളിലുള്ളവര്‍ പറഞ്ഞു.

Top