കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനകം നാട്ടിലെത്തിക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ കടുത്ത അനിശ്ചിതത്വത്തിലായ കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങളുമായി സുപ്രീംകോടതി. ലോക്ക്ഡൗണ്‍ ലംഘിച്ച് പ്രതിഷേധിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒഴിവാക്കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നല്‍കിയിരിക്കുന്നത്.

തൊഴിലാളികളുടെ കാര്യത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.അതിഥി തൊഴിലാളികളുടെ ദുരിതത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടാത്തത് വലിയ വിമര്‍ശനങ്ങള്‍ ഉണ്ടാക്കിയതോടെയാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്.

ദുരന്ത നിവാരണ നിയമ പ്രകാരം അതിഥി തൊഴിലാളികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കണം. എത്ര അതിഥി തൊഴിലാളികള്‍ ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട് എന്നത് സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും വ്യക്തമായ പട്ടിക തയ്യാറാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങാനാഗ്രഹിക്കുന്നവരെ അടുത്ത 15 ദിവസത്തിനുള്ളില്‍ തിരിച്ചെത്തിക്കണം. ഇതിനായി സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ ശ്രമിക് ട്രെയിനുകള്‍ ലഭ്യമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

എല്ലാ സംസ്ഥാനങ്ങളിലും അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി ഹെല്‍പ് ഡസ്‌കുകള്‍ തുറക്കണം. ജോലി ചെയ്ത സംസ്ഥാനത്തേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും കൗണ്‍സിലിങ് സെന്ററുകളും തുറക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

തൊഴിലാളികളുടെ പുനരധിവാസത്തിനായി സര്‍ക്കാരുകള്‍ തയ്യാറാക്കിയ എല്ലാ പദ്ധതികളും, ആനൂകൂല്യങ്ങളും പരസ്യപ്പെടുത്തണം. തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ഉത്തരവ് നടപ്പിലാക്കുന്നതിന്റെ പുരോഗതി വിലയിരുത്താന്‍ സ്വമേധയാ എടുത്ത ഹര്‍ജി സുപ്രീം കോടതി ജൂലൈ 8 ന് വീണ്ടും പരിഗണിക്കും.

Top