അതിഥി തൊഴിലാളികളുടെ മടക്കം; ഇന്ന് കോഴിക്കോട് നിന്ന് രണ്ട് ട്രെയിനുകള്‍

കോഴിക്കോട്: ലോക്ഡൗണിനെ തുടര്‍ന്ന് കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളുമായി ഇന്ന് കോഴിക്കോട് നിന്ന് രണ്ട് ട്രെയിന്‍ പുറപ്പെടും.ബിഹാറിലേക്കും മധ്യപ്രദേശിലേക്കുമാണ് യാത്ര തിരിക്കുക.

അതിഥി തൊഴിലാളികളുമായി ബിഹാറിലെ കത്തിയഹാറിലേയ്ക്കുളള ട്രെയിന്‍ വൈകുന്നേരം അഞ്ച് മണിക്കും മധ്യപ്രദശിലെ ഭോപ്പാലിലേക്കുള്ള ട്രെയിന്‍ രാത്രി എട്ട് മണിക്കുമാണ് പുറപ്പെടുന്നതെന്ന് റെയില്‍വേ മാനേജര്‍ അറിയിച്ചു.

താമരശ്ശേരി താലൂക്കില്‍നിന്നുള്ള 1197 അതിഥി തൊഴിലാളികളുമായാണ് ബിഹാറിലേക്കുള്ള ട്രെയിന്‍ യാത്ര തിരിക്കുന്നത്. ജില്ലയിലെ 402 പേരും കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ അതിഥി തൊഴിലാളികളുമായാണ് മധ്യപ്രദേശിലേക്ക് ട്രെയിന്‍ പോവുക. ഇവരെ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കാനായി കെ.എസ്.ആര്‍.ടി.സിയും തയ്യാറായിട്ടുണ്ട്.

ലോക്ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ പോകാനാവാതെ മലപ്പുറം ജില്ലയില്‍ കഴിയുകയായിരുന്ന അതിഥി തൊഴിലാളികളുടെ രണ്ടാമത്തെ സംഘം ഇന്ന് കോഴിക്കോട്ടു നിന്ന് പ്രത്യേക തീവണ്ടിയില്‍ യാത്രയാവുന്നത്. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി മധ്യപ്രദേശിലേക്കുള്ള 368 അതിഥി തൊഴിലാളികളെയാണ് കെ.എസ്.ആര്‍.ടി.സിയുടെ 10 ബസുകളിലായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്.

കഴിഞ്ഞദിവസം ബിഹാറിലേക്കുള്ള ട്രെയിന്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് പലയിടത്തും തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു.

Top