ക്രൂര തമാശകള്‍ ആസ്വദിക്കുന്നവര്‍ക്കുള്ള മുഖമടച്ചുള്ള അടിയാണ് ഉണ്ടയെന്ന് മിഥുന്‍ മാനുവല്‍

മ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഉണ്ട. ചിത്രത്തെ പ്രശംസിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. തോമസ്… ഡാ..ആദിവാസീ പോലുള്ള ക്രൂര തമാശകള്‍ ആസ്വദിക്കുന്നവര്‍ക്കുള്ള മുഖമടച്ചുള്ള അടിയാണ് ഉണ്ടയെന്ന് മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അധികാര കേന്ദ്രങ്ങളുടെ, മനുഷ്യ ജീവന് വില കല്പിക്കാത്ത ഉദാസീനതകളുടെ, ഗര്‍വുകള്‍ തകര്‍ത്ത് ലക്ഷ്യത്തില്‍ കൊള്ളുന്ന വെടിയാണ് ഉണ്ട.. മമ്മൂട്ടി എന്ന മഹാനടന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍ കൂടിയാകുന്നു ഉണ്ടയെന്നും മിഥുന്‍ പറഞ്ഞ് വയ്ക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

“നിങ്ങള് ഇപ്പഴും വള്ളിയിൽ തൂങ്ങിയാ നടക്കുന്നേ..??” കൂടെ ‘ഡാ..ആദിവാസീ’ എന്നൊരു വിളിയും..സ്ഥലം വയനാട് ആണെന്ന് പഠനം കഴിഞ്ഞു പുറം നാടുകളിൽ ജോലിയും മറ്റുമായി എത്തിയ കാലങ്ങളിൽ ഇടയ്ക്കിടെ കേട്ടിരുന്ന കമന്റ് / ഡയലോഗ് . നിരുപദ്രവമെന്നു കരുതി പലപ്പോഴും ചുമ്മാ ചിരിച്ചു തള്ളിയിരുന്നു എങ്കിലും അതങ്ങനെയല്ലാത്ത സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട് ..!! അത്തരം ക്രൂരമായ തമാശകൾ ആസ്വദിക്കുന്നവർക്കും അവ പറയുന്നതിൽ ആനന്ദം കണ്ടെത്തുന്നവർക്കും ഉള്ള മുഖം അടച്ചുള്ള അടിയാണ് ഉണ്ട. സ്വന്തം നാട്ടിൽ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ദൈന്യ ഭാവങ്ങളുടെ ചിത്രങ്ങൾ വരച്ചിടുന്ന കാവ്യമാണ് ഉണ്ട. അധികാര കേന്ദ്രങ്ങളുടെ, മനുഷ്യ ജീവന് വില കല്പിക്കാത്ത ഉദാസീനതകളുടെ, ഗർവുകൾ തകർത്ത് ലക്ഷ്യത്തിൽ കൊള്ളുന്ന വെടിയാണ് ഉണ്ട..!! മമ്മൂട്ടി എന്ന മഹാനടന്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ കൂടിയാകുന്നു ഉണ്ട..ഒപ്പം ഒരു കൂട്ടം പച്ച മനുഷ്യരെ, മമ്മുക്കയോടൊപ്പം സ്‌ക്രീനിൽ അവതരിപ്പിച്ച ഷൈനും ലുക്കുമാനും അടക്കമുള്ളവരുടെ നടനമികവിന്റെ നേർസാക്ഷ്യം ആണ് ഉണ്ട..! മലയാള സിനിമയിലെ കലക്കൻ സംവിധായകരുടെ നിരയിലേക്ക് കസേര വലിച്ചിട്ടു ഖാലിദ് റഹ്‌മാൻ ഇരിക്കുന്ന സുഖമുള്ള ദൃശ്യം കൂടി ഉണ്ട് ഈ ഉണ്ടയുടെ ബോണസ് ആയി ..!! Congrats team UNDA..!! It’s a daring,flawless film..!!

വാൽക്കഷ്ണം : ടാർസനും മൗഗ്ലിയും ഒക്കെ വള്ളിയിൽ തൂങ്ങി നടന്നാണ് സാർ ലോക സാഹിത്യ – ചലച്ചിത്ര ചരിത്രത്തിലെ ഇതിഹാസങ്ങൾ ആയത്..

Top