കോവിഡ്; വിമാനത്തില്‍ മധ്യത്തിലെ സീറ്റ് ഒഴിച്ചിടണമെന്ന് ഡിജിസിഎ

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ വിമാന സര്‍വീസ് നടത്തുമ്പോള്‍ മധ്യത്തിലെ സീറ്റ് കഴിയുന്നത്ര ഒഴിഞ്ഞു കിടക്കുന്ന രീതിയില്‍ സീറ്റുകള്‍ അനുവദിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം. മധ്യഭാഗത്തെ സീറ്റില്‍ യാത്ര അനുവദിച്ചാല്‍ മാസ്‌കിനും ഷീല്‍ഡിനും പുറമേ കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയം അംഗീകരിച്ച റാപ്പ് എറൗണ്ട് ഗൗണ്‍ കൂടി നല്‍കണമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

പരമാവധി യാത്രക്കാരെ മധ്യഭാഗത്തെ സീറ്റുകളില്‍ ഇരുത്താന്‍ പാടില്ല. അതേസമയം ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് അടുത്തടുത്ത സീറ്റിലിരിക്കുന്നതില്‍ പ്രശ്‌നമില്ല. മറ്റുള്ളവര്‍ക്ക് ഇളവ് കൊടുക്കരുത്. രാജ്യത്തെ ആഭ്യന്തര യാത്രകള്‍ക്കാണ് ഈ നിര്‍ദ്ദേശം.

കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ ശാരീരിക അകലം പാലിക്കുന്നതിന് വിമാനങ്ങളില്‍ മധ്യ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് അനിവാര്യമാണെന്ന് സുപ്രീം കോടതി അടുത്തിടെ പറഞ്ഞിരുന്നു.

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു.എന്നാല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.ആഗസ്റ്റിന് മുന്‍പ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കാനാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ നീക്കം.

നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ മധ്യഭാഗത്തെ സീറ്റുകള്‍ ഒഴിച്ചിടാന്‍ സാധിക്കില്ലെന്നായിരുന്നു നേരത്തേ വ്യോമയാന മന്ത്രാലയത്തിന്റെ നിലപാട്.

Top