മിഡില്‍ ഈസ്റ്റില്‍ റഷ്യ അമേരിക്കയ്ക്ക് പകരമാകില്ല; ജിം മാറ്റിസ്

മാനമ: സിറിയയിലെ റഷ്യന്‍ ഇടപെടലുകള്‍ക്ക് തൊട്ടു പിന്നാലെ മിഡില്‍ ഈസ്റ്റില്‍ റഷ്യ അമേരിക്കയ്ക്ക് പകരമാകില്ലെന്ന് അറബ് രാജ്യങ്ങളോട് അമേരിക്കന്‍ പ്രതിരോധ മന്ത്രി ജിം മാറ്റിസ്. മേഖലയിലെ റഷ്യന്‍ ഇടപെടലുകള്‍, നിരവധി വര്‍ഷങ്ങളായി സുതാര്യമായി നിന്നിരുന്ന അമേരിക്കന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പകരമാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സിറിയയില്‍ 7 വര്‍ഷമായി തുടരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഇസ്താംബൂളില്‍ വച്ച് ഫ്രാന്‍സ്, ജര്‍മ്മനി, തുര്‍ക്കി പ്രതിനിധികളുമായി ഇന്ന് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നു.

സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ ആസാദിനെയാണ് റഷ്യ പിന്തുണയ്ക്കുന്നത്. എന്നാല്‍, തുര്‍ക്കി വിമതര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നു. റഷ്യ അവസരവാദിയാണെന്നും സിറിയന്‍ പ്രസിഡന്റ് സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആളാണെന്നും മാറ്റിസ് ഐഐഎസ്എസിനോട് പറഞ്ഞു.

യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ റഷ്യയുടെ വീറ്റോ അധികാരമാണ് പ്രസിഡന്റ് ആസാദിനെ അധികാരത്തില്‍ നിലനിര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുര്‍ക്കി-റഷ്യ- യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഒരുമിച്ച് ആദ്യമായി പങ്കെടുക്കുന്ന സമ്മേളനമാണ് തുര്‍ക്കിയില്‍ നടക്കാനിരിക്കുന്നത്.

Top