ചട്ടങ്ങള്‍ അട്ടിമറിച്ച് സ്പെക്ട്രം ലൈസന്‍സ് മോദി അംബാനിക്ക് നല്‍കി ; നഷ്ടം 69381 കോടി!

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രടെലികോം മന്ത്രാലയത്തിനുമെതിരെ ഗുരുതര അഴിമതിയാരോപണവുമായി കോൺഗ്രസ്.

മൈക്രോവേവ് സ്പെക്ട്രം ചട്ടങ്ങൾ പാലിക്കാതെ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോക്കും സിസ്റ്റെമാ ശ്യാം എന്ന കമ്പനിക്കും നൽകി എന്നാണ് കോൺഗ്രസിന്‍റെ ആരോപണം.

69381 കോടിയുടെ അഴിമതി നടന്നതായും അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ആവശ്യപ്പെട്ടു. മോദി ഭരണത്തിനിടെ നടന്നത് 3 സ്പെക്ട്രം അഴിമതികളാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

കഴിഞ്ഞ ആഴ്ച സി.എ.ജി പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കോണ്‍ഗ്രസ് ആരോപണങ്ങള്‍. 2015ലെ മെക്രോവേവ് സ്പെക്ട്രം ലൈസന്‍സ് രണ്ട് കമ്പനികള്‍ക്ക് നല്‍കിയത് ലേലം നടത്താതെയാണെന്നും ഇത് നഷ്ടമുണ്ടാക്കി എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

101 കമ്പനികൾ മൈക്രോവേവ് സ്പെക്ട്രത്തിനായി അപേക്ഷ നൽകി കാത്തിരിക്കുമ്പോൾ ഇത്തരത്തിൽ കരാർ നൽകിയത് നഷ്ടമുണ്ടാക്കും എന്നും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

റിലയൻസ് ജിയോക്കാണ് ആദ്യം ഇത്തരത്തിൽ കേന്ദ്രസർക്കാർ മൈക്രോവേവ് സ്പെക്ട്രം കരാർ നൽകിയത്. പിന്നീട് സിസ്റ്റെമാ ശ്യാം എന്ന കമ്പനിക്കും കരാർ നൽകി.

അതേസമയം ചട്ടങ്ങൾ പാലിച്ച് തന്നെയാണ് മൈക്രോവേവ് സ്പെക്ട്രം നൽകിയതെന്നും മാർക്കറ്റ് വിലയ്ക്കനുസരിച്ച് നിരക്ക് നിശ്ചയിച്ചാൽ ആ വില തരണമെന്ന വ്യവസ്ഥപ്രകാരമാണ് ജിയോക്കും സിസ്റ്റെമാ ശ്യാമിനും കരാർ നൽകിയിരിക്കുന്നതെന്നുമാണ് ടെലികോം മന്ത്രാലയത്തിന്‍റെ വിശദീകരണം.

Top