Microsoft’s major security lapses

മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങളില്‍ വന്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് കേമന്‍മാരായ ഗൂഗിളാണ് മൈക്രോസോഫ്റ്റിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തിയത്.

എഡ്ജ് ബ്രൗസറിലും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിലുമാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയിരിക്കുന്നത്. നേരത്തേ വിന്‍ഡോസ് ഗ്രാഫിക് ഡിവൈസ് ഇന്റര്‍ഫെയ്‌സ് പംപോണന്റിലെ സുരക്ഷാ തകരാറും ഗൂഗിള്‍ പുറത്ത് വിട്ടിരുന്നു.

ഗൂഗിള്‍ പ്രൊജക്ട് സീറോ ഗവേഷക സംഘത്തിലെ അംഗമായ ഇവാന്‍ ഫാട്രിക്കാണ് ഇക്കാര്യം കണ്ടെത്തിയത്. ഈ സുരക്ഷാ പഴുത് ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് വിദൂരത്ത് നിന്ന് കംപ്യൂട്ടറുകളെ ആക്രമിക്കാന്‍ സാധിക്കും.

വീഴ്ചകള്‍ കണ്ടെത്തിയാല്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ അത് പരിഹരിക്കാന്‍ കമ്പനി തയ്യാറായില്ലെങ്കില്‍ വിവരം പൊതുജനങ്ങളെ അറിയിക്കും എന്നതാണ് പ്രൊജക്ട് സീറോയുടെ നയം. ഇത് പ്രകാരമാണ് ഇപ്പോഴത്തെ സുരക്ഷാ വീഴ്ച പുറത്തു വന്നിരിക്കുന്നത്.

സുരക്ഷാ തകരാറുകള്‍ കണ്ടെത്തുന്നതിനുള്ള ഗൂഗിളിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നുവെന്നും എന്നല്‍ 90 ദിവസത്തെ സമയപരിധി വര്‍ധിപ്പിക്കണമെന്നും മൈക്രോസോഫ്റ്റ് വക്താവ് പറഞ്ഞു. പുതിയ അപ്‌ഡേറ്റിലൂടെ ഇപ്പോള്‍ കണ്ടെത്തിയ സുരക്ഷാ തകരാറുകള്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top