കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിനെക്കുറിച്ച് പഠിക്കാന്‍ മൈക്രോസോഫ്റ്റ്

തിരുവനന്തപുരം: ലോകം മുഴുവന്‍ തരംഗമായി മാറിയ കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ പഠിക്കാന്‍ മൈക്രോസോഫ്റ്റ് എത്തുന്നു. പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കത്തിന് പൊലീസ് സോഷ്യല്‍ മീഡിയകളെ എങ്ങനെ വ്യത്യസ്തവും ഫലപ്രദവുമായി ഉപയോഗപ്പെടുത്തുന്നുവെന്നും അതിന്റെ സ്വാധീനത്തെക്കുറിച്ചും കേരള പൊലീസ് എഫ്ബി പേജിന്റെ പ്രവര്‍ത്തനം അടിസ്ഥാനമാക്കി പഠിക്കുവാനാണ് മൈക്രോസോഫ്റ്റ് ഉദ്ദേശിക്കുന്നത്.

കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് ഇതിനോടകം തന്നെ ജനപ്രീതിയുടെ കാര്യത്തില്‍ ന്യൂയോര്‍ക്ക് പൊലീസ്, ക്വീന്‍സ് ലാന്‍ഡ് പൊലീസ് എന്നിവരെ പോലും പിന്നിലാക്കി ലോകശ്രദ്ധ നേടിയിരുന്നു.

ഇത്തരത്തിലുള്ള പഠനം നടത്താനായി ഇന്ത്യയില്‍ നിന്ന് കേരള പോലീസിനെയാണ് മൈക്രോസോഫ്റ്റ് തിരഞ്ഞെടുത്തത്. ഗവേഷക ദ്രുപ ഡിനി ചാള്‍സ് പോലീസ് ആസ്ഥാനത്തെത്തി സോഷ്യല്‍ മീഡിയ സെല്‍ നോഡല്‍ ഓഫിസര്‍ ഐജി മനോജ് എബ്രഹാം, മീഡിയസെല്ലിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ആശയവിനിമയം നടത്തി.

സോഷ്യല്‍ മീഡിയകളില്‍, പ്രത്യേകിച്ച് ഫെയ്‌സ്ബുക്കില്‍ അടുത്തിടെ നടത്തിയ ശ്രദ്ധേയമായ മുന്നേറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് കേരള പോലീസിനെ തിരഞ്ഞെടുത്തത്. ബംഗളൂരു കേന്ദ്രീകരിച്ചുള്ള മൈക്രോസോഫ്റ്റ് ടീമാണ് പഠനം നടത്തുന്നത്. സര്‍ക്കാര്‍ സംവിധാനത്തിന്റെ പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തമായി സാമൂഹികമാധ്യമങ്ങളിലൂടെ പൊതുജനങ്ങളുമായുള്ള ആശയവിനിമയത്തിന് കേരള പോലീസിന് ലഭിക്കുന്ന ജനപിന്തുണയും പഠനവിഷയമാകുന്നുണ്ട്.

Top