ലോകം കീഴടക്കിയ കമ്പനികള്‍: മുന്നില്‍ ആപ്പിള്‍, കുക്കിനെ പിന്തള്ളി നദെല

ലോകമെമ്പാടുമുള്ള വിവിധ ബ്രാന്‍ഡുകളുടെ പ്രതിവര്‍ഷ വളര്‍ച്ചയുടെയും അവ ഉണ്ടാക്കിയ വരുമാനത്തിന്റെയും അടിസ്ഥാനത്തല്‍ മൂല്യം വിലയിരുത്തുന്ന കമ്പനിയായ ‘ബ്രാന്‍ഡ് ഫൈനാന്‍സ്’ ഏറ്റവും പുതിയ പട്ടിക പ്രസിദ്ധീകരിച്ചു. മറ്റു ബിസിനസ് കമ്പനികളെ അപേക്ഷിച്ച് ടെക് ബ്രാന്‍ഡുകള്‍ എത്ര മുന്നിലെത്തിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് പുതിയ പട്ടിക. ടെക്നോളജിക്ക് പിന്നിലായി റീട്ടെയില്‍ വില്‍പന നടത്തുന്ന ബ്രാന്‍ഡുകളാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നതെന്നും കാണാം. ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ഐഫോണ്‍ നിര്‍മാതാവും ലോകത്തെ ആദ്യത്തെ 3 ട്രില്ല്യന്‍ ഡോളര്‍ കമ്പനിയുമായ ആപ്പിളാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആപ്പിളിന്റെ മൂല്യം 35 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. എന്നാല്‍, ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയ കമ്പനി ടിക്ടോക്കാണ്. ഈ ചൈനീസ് കമ്പനിക്ക് 215 ശതമാനമാണ് വളര്‍ച്ച.

ലിസ്റ്റില്‍ ഏറ്റവും മുന്നലെത്തിയ ടെക്നോളജി കമ്പനികള്‍

ലിസ്റ്റ് പ്രകാരം ലോകത്തെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡ് ആപ്പിള്‍ ആണ്. മൂല്യം (valuation) 355.1 ബില്ല്യന്‍ ഡോളര്‍.

രണ്ടാം സ്ഥാനത്ത് ആമസോണ്‍ ആണ്. 350.2 ബില്ല്യന്‍ ഡോളറാണ് കമ്പനിയുടെ മൂല്യം. രേഖപ്പെടുത്തിയത് 37.8 ശതമാനം വളര്‍ച്ച. മൂന്നാം സ്ഥാനത്ത് ഗൂഗിളാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 37.8 ശതമാനമാണ് വളര്‍ച്ച. മൊത്തം മൂല്യം 263.4 ബില്ല്യന്‍ ഡോളര്‍. നാലാം സ്ഥാനത്താണ് മൈക്രോസോഫ്റ്റ്. അവരുടെ വളര്‍ച്ച 31.2 ശതമാനമാണ്. മൂല്യം 184.2 ബില്ല്യന്‍ ഡോളര്‍. അടുത്തത് സാംസങ് ആണ്. ഈ ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡിന്റെ വളര്‍ച്ച അത്ര മികച്ചതല്ല. കേവലം വെറും 4.5 ശതമാനമാണ് വളര്‍ച്ച. എന്നിട്ടും അവര്‍ 107.2 ബില്ല്യന്‍ ഡോളര്‍ മൂല്യം നേടി.

ഫെയ്സ്ബുക്, വാവെയ്, വെറൈസണ്‍, വീചാറ്റ്, ഡൂയിഷ് ടെലികോം, ടിക്ടോക്ക് തുടങ്ങിയ കമ്പനികളാണ് തുടര്‍ന്നു വരുന്നത്.

മേധാവിമാരില്‍ കുക്കിനേക്കാള്‍ മുന്‍പില്‍ നദെല

കമ്പനി മേധാവികളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചവരുടെ പട്ടിക ‘ബ്രാന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് ഇന്‍ഡക്സ്’ എന്ന പേരിലും ബ്രാന്‍ഡ് ഫൈനാന്‍സ് പ്രസിദ്ധീകരിച്ചു. മൈക്രോസോഫ്റ്റ് മേധാവിയും ഇന്ത്യന്‍ വംശജനുമായ സത്യ നദെലയാണ് ഒന്നാമത്. അദ്ദേഹത്തെ കൂടാതെ രണ്ട് ഇന്ത്യന്‍ വംശജര്‍ കൂടി ആദ്യ പത്തില്‍ ഇടംനേടിയിട്ടുണ്ട്. ഗൂഗിളിന്റെ (ആല്‍ഫബെറ്റ്) തലവന്‍ സുന്ദര്‍ പിച്ചൈ ആണ് 5-ാം സ്ഥാനത്ത്. അഡോബി മേധാവി ശന്തനു നാരായന്‍ ആണ് 6-ാം സ്ഥാനത്ത്. ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത് ആപ്പിള്‍ മേധാവി ടിം കുക്കാണ്. നാലാം സ്ഥാനത്ത് ടെന്‍സന്റിന്റെ ഹുവാടെങ് മാ ആണ്. ഏഴാം സ്ഥാനത്ത് നെറ്റ്ഫ്ളിക്സ് മേധാവി റീഡ് ഹെയ്സറ്റിങ്സ്. ഇതു കൂടാതെ 10-ാം സ്ഥാനത്തിനും സവിശേഷതയുണ്ട്. എഎംഡിയുടെ സിഇഒ ലീസ സു ആണ് 10-ാം സ്ഥാനത്ത്. ലോകത്തെ ഏറ്റവും പ്രാധാന്യമുള്ള വനിതാ മേധാവിയായി തീരുകയാണ് ലീസ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 122 ശതമാനം കൂടുതല്‍ ബ്രാന്‍ഡ് മൂല്യമാണ് ലീസയുടെ വരവിലൂടെ കഴിഞ്ഞ വര്‍ഷം എഎംഡിക്ക് നേടാനായത്.

  ഇന്ത്യയില്‍ അംബാനിയേക്കാള്‍ കേമന്‍ ടാറ്റാസിന്റെ എന്‍ ചന്ദ്രശേഖര്‍ എന്ന് ലിസ്റ്റ്

ബ്രാന്‍ഡ് മേധാവിമാരുടെ പട്ടികയില്‍ അമേരിക്ക, ചൈനയില്‍ നിന്നുള്ളവരുടെ പേരുകളാണ് കൂടുതല്‍. ആദ്യ 100ല്‍ നിരവധി വനിതകള്‍ ഉണ്ടെന്നതാണ് ഈ വര്‍ഷത്തെ മറ്റൊരു സവിശേഷത. ഇന്ത്യയില്‍ നിന്നുള്ള കമ്പനി മേധാവിമാരില്‍ ടാറ്റാസിന്റെ എന്‍. ചന്ദ്രശേഖര്‍ ആണ് മുന്നില്‍. ലോക റാങ്കിങ്ങില്‍ അദ്ദേഹം 25-ാം സ്ഥാനത്താണ്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ആനന്ദ് മഹീന്ദ്രയും റലയന്‍സിന്റെ മുകേഷ് അംബാനിയും 41-ാം സ്ഥാനത്തുമാണ്.

 ഫോണുകളില്‍ പെഗസസ് ഉപയോഗിച്ചിട്ടുണ്ടെന്ന് രണ്ടു വിദഗ്ധര്‍ സുപ്രീംകോടതി കമ്മറ്റിയോട്

ഇന്ത്യയിലെ പൗരന്മാര്‍ക്കെതിരെ ഇസ്രയേലി കമ്പനിയായ എന്‍എസ്ഒയുടെ നിരീക്ഷണ സോഫ്റ്റ്വെയര്‍ ആയെ പെഗസസ് ഉപയോഗിച്ചിട്ടുണ്ടെന്നതിന് ശക്തമായ തെളിവുണ്ടെന്ന് രണ്ടു വിദഗ്ധര്‍ പറഞ്ഞു. ഈ വിഷയത്തെക്കുറിച്ചു പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച കമ്മറ്റിയോടാണ് ഇതു വെളിപ്പെടുത്തിയതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇങ്ങനെ പെഗസസ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടുവെന്ന ആരോപിക്കപ്പെടുന്ന ഫോണുകള്‍ പരിശോധിച്ച ഒരു വിദഗ്ധന്‍ സുപ്രീംകോടതി കമ്മറ്റിക്കു മുന്നില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും പിന്നീട് നേരിട്ടെത്തി സാക്ഷി പറയുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. താന്‍ ഫോറന്‍സിക് സാമഗ്രികള്‍ ഉപയോഗിച്ച് പരിശോധിച്ച രണ്ട് ഐഫോണുകളില്‍ പെഗസസ് കണ്ടെത്തിയെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഒരു ഫോണില്‍ 2018 ഏപ്രിലിലാണ് പെഗസസ് ബാധിച്ചതെങ്കില്‍ മറ്റൊന്നില്‍ 2021 ജൂണിനും ജൂലൈയ്ക്കും ഇടയ്ക്കാണെന്ന് അദ്ദേഹം പറയുന്നു.

മറ്റൊരു വിദഗ്ധന്‍ ആന്‍ഡ്രോയിഡ് ഫോണുകളാണ് പരിശോധിച്ചത്. താന്‍ പരിശോധിച്ച ആറു ഫോണുകളില്‍ നാലെണ്ണത്തില്‍ പെഗസസിന്റെ സവിശേഷമായ വേര്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരുന്നു എന്നാണ് കണ്ടെത്തിയത്. മറ്റു രണ്ടെണ്ണത്തില്‍ പെഗസസിന്റെ ഒറിജിനല്‍ വേര്‍ഷനുകളാണ് കണ്ടെത്തിയതെന്നും പറയുന്നു. ഉപയോഗിക്കുന്ന വ്യക്തിയുടെ ടെക്സ്റ്റ് സന്ദേശങ്ങള്‍ പരിശോധിക്കാനും വിഡിയോ ലൈബ്രറി പരിശോധിക്കാനും ഏതുസമയത്തും വിഡിയോ ക്യാമറയോ ഓഡിയോ റെക്കോഡിങ്ങോ പ്രവര്‍ത്തിപ്പിക്കാനും സാധിക്കുന്ന വകഭേദമായിരുന്നു ഒന്ന്. പെഗസസ് കേസില്‍ 2021 ഒക്ടോബര്‍ 27ന് ആണ് സുപ്രീം കോടതി മൂന്നംഗ കമ്മിറ്റിയെ അന്വേഷണത്തിനായി നിയോഗിച്ചത്. റിട്ടയേഡ് സുപ്രീംകോടതി ജഡ്ജി ആര്‍.വി. രവീന്ദ്രനാണ് കമ്മിറ്റിക്കു മേല്‍നോട്ടം വഹിക്കുന്നത്.

  ക്രിപ്റ്റോകറന്‍സിയില്‍ ഈ വര്‍ഷം 100 കോടി പേര്‍ നിക്ഷേപിക്കുമെന്ന്

ക്രിപ്റ്റോകറന്‍സിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം 2022 അവസാനിക്കുന്നതിനു മുന്‍പ് 100 കോടി ആകുമെന്ന് ക്രിപ്റ്റോ.കോം പ്രവചിക്കുന്നു. നിലവില്‍ ക്രിപ്റ്റോ നാണയങ്ങളുടെ മൂല്യം ഇടിഞ്ഞു നില്‍ക്കുകയാണ്. ഈ സമയത്താണ് പ്രവചനം എന്നതാണ് ശ്രദ്ധേയം. ക്രിപ്റ്റോകറന്‍സികളുടെ മൂല്യം 2021 നവംബറില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 45 ശതമാനമാണ് ഇപ്പോള്‍ ഇടിഞ്ഞിരിക്കുന്നത്. പല നിക്ഷേപകര്‍ക്കും കനത്ത നഷ്ടമാണ് ഉണ്ടായത്. ക്രപ്റ്റോ നാണയങ്ങളില്‍ നിക്ഷേപിക്കുന്ന പലരും അവയുടെ മൂല്യം ഉയരുമെന്നും അതുവഴി തങ്ങളുടെ ലാഭം വര്‍ധിപ്പിക്കാമെന്നും കരുതുന്നവരാണ്.

 വിന്‍ഡോസില്‍ തന്നെ എങ്ങനെ ഫോട്ടോകളുടെ സൈസ് കുറയ്ക്കാം?

ജോലിക്കും പഠന സംബന്ധമായും മറ്റും അപേക്ഷകള്‍ നല്‍കുമ്പോള്‍ പലപ്പോഴും ആവശ്യപ്പെടുന്ന ഫോട്ടോകളുടെ സൈസ് പരിമിതപ്പെടുത്തും. വിവിധ സമൂഹ മാധ്യമങ്ങളില്‍ നല്‍കാനുള്ള പ്രൊഫൈല്‍ ഫോട്ടോകള്‍ക്കും ചില നിബന്ധനകള്‍ ഉണ്ടായിരിക്കാം. പലര്‍ക്കും ഫോട്ടോയുടെ സൈസും അനുപാതവും എങ്ങനെ ക്രമീകരിക്കാമെന്ന് അറിയില്ല. ചിലര്‍ ഓണ്‍ലൈന്‍ ടൂളുകള്‍ ഉപയോഗിക്കുന്നു. ചിലര്‍ ഫോട്ടോഷോപ്പ് പോലത്തെ പ്രോഗ്രാമുകളെ ആശ്രയിക്കുന്നു. എന്നാല്‍, ഇത് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉള്ള പിസികളില്‍ എളുപ്പം ചെയ്യാവുന്ന കാര്യമാണ് എന്നത് പലര്‍ക്കും അറിയില്ല. എങ്ങനെയാണ് വിന്‍ഡോസില്‍ ഫോട്ടോ റീ സൈസ് ചെയ്യാനാകുക എന്നു പരിശോധിക്കാം:

വിന്‍ഡോസിന്റെ ഫോട്ടോസ് ആപ് ഉപയോഗിച്ച് റീസൈസ് ചെയ്യേണ്ട ഫോട്ടോ ഓപ്പണ്‍ ചെയ്യുക. ആപ്പിന്റെ മെന്യു ബാറില്‍ ഏറ്റവും മുകളില്‍ വലതു ഭാഗത്തുള്ള മൂന്നു കുത്തുകളില്‍ ക്ലിക്കു ചെയ്യുക. ഇപ്പോള്‍ തുറന്നു കിട്ടുന്ന ഡ്രോപ്ഡൗണ്‍ മെനുവില്‍ മൂന്നാമതുള്ള റീസൈസ് ഇമേജില്‍ ക്ലിക്കു ചെയ്യുക. നാല് ഓപ്ഷനുകളാണ് അതില്‍ ലഭിക്കുക. നിങ്ങള്‍ക്കു വേണ്ട സൈസ് ആദ്യ മൂന്നിലും ഇല്ലെങ്കില്‍ നാലാമതുള്ള ഡിഫൈന്‍ കസ്റ്റം ഡൈമെന്‍ഷന്‍സില്‍ (‘Define custom dimensions’) ക്ലിക്കു ചെയ്യുക. ഇപ്പോള്‍ തുറന്നു കിട്ടുന്ന മെന്യുവില്‍ ആസ്പെക്ട് റേഷ്യോ അടക്കം ക്രമീകരിക്കാം. വേണ്ട പൊക്കമെത്ര, വീതിയെത്ര എന്നത് ഇവിടെ എന്റര്‍ ചെയ്യാം. അതല്ല നിലവിലുള്ള ഫോട്ടോയുടെ സൈസ് മാത്രം കുറച്ചാല്‍ മതിയെങ്കില്‍ മെയ്ന്റെയ്ന്‍ ആസ്പെക്ട് റേഷ്യോ ടിക്കു ചെയ്തു കിടക്കുന്നു എന്ന് ഉറപ്പു വരുത്തുക. സൈസ് വേണ്ടത്ര കുറച്ച ശേഷം റീസൈസ്ഡ് കോപ്പിയില്‍ ക്ലിക്കു ചെയ്ത് പുതിയ ഫയല്‍ സേവു ചെയ്യാം.

 

Top