സര്‍ഫേസ് ഗോ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച് മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റിന്റെ ഏറ്റവും വില കുറഞ്ഞ ടാബ് വിപണിയില്‍. വിന്‍ഡോസ് 10 അധിഷ്ഠിതമാക്കി പ്രവര്‍ത്തിക്കുന്ന സര്‍ഫേസ് ഗോ എന്ന ടാബ്‌ലെറ്റാണ് മൈക്രോസോഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ വിപണിയില്‍ കഴിഞ്ഞ ജൂണില്‍ ടാബ്‌ലെറ്റ് എത്തിയിരുന്നു.അതിന്റെ വൈഫൈ വകഭേദമാണ് ഇപ്പോള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

യു.എസ്.ബിസി 3.1, ഹെഡ്‌ഫോണ്‍ ജാക്ക്, സ്‌റ്റോറേജ് വര്‍ധിപ്പിക്കാനായി മൈക്രോ എസ്.ഡി കാര്‍ഡ് റീഡര്‍ എന്നിവയെല്ലാം ടാബിലുണ്ട്. 4 ജി.ബി റാമും 64 ജി.ബി സ്‌റ്റോറേജുമാണ് മോഡലിനുള്ളത്. 49,999 രൂപക്ക് 8 ജി.ബി റാമും 128 ജി.ബി സ്‌റ്റോറേജുമുള്ള മറ്റൊരു മോഡലും കമ്പനി വിപണിയിലെത്തിക്കാനൊരുങ്ങുകയാണ്.

ഒമ്പത് മണിക്കൂര്‍ ബാറ്ററി ചാര്‍ജ് ടാബിന് ലഭിക്കുമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. ഡിസംബര്‍ 28 മുതലായിരിക്കും ടാബിന്റെ വില്‍പ്പന ആരംഭിക്കുക. ഫ്‌ലിപ്കാര്‍ട്ട് വഴി പ്രീഓര്‍ഡര്‍ നല്‍കാനുള്ള അവസരമാണ് മൈക്രോസോഫ്റ്റ് ഇപ്പോള്‍ നല്‍കുന്നത്.

1800×1200 പിക്‌സല്‍ റെസലൂഷനിലുള്ള 10 ഇഞ്ച് ഡിസ്‌പ്ലേയാണ് സര്‍ഫേസ് ഗോയ്ക്ക് നല്‍കിയിരിക്കുന്നത്. 5 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും 8 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും ഉള്‍പ്പെടുത്തിയിരിക്കുന്നു. 37,999 രൂപ മുതലാണ് സര്‍ഫേസ് ഗോയുടെ വില ആരംഭിക്കുന്നത്.

Top