മൈക്രോമാക്‌സിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്‍ 2bയുടെ വില കൂട്ടി

ന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ മൈക്രോമാക്‌സ് ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ വിപണിയിലെത്തിച്ച ഇന്‍ 1b സ്മാര്‍ട്ട്‌ഫോണിന്റെ വില വര്‍ദ്ധിപ്പിച്ചു. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 7,999 രൂപയും, 6 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 8,999 രൂപയുമായിരുന്നു ഇന്‍ 1bയുടെ പിന്‍ഗാമിയായെത്തിയ ഇന്‍ 2ബിക്ക്. എന്നാലിപ്പോള്‍ ഇരു ഫോണുകള്‍ക്കും 500 രൂപയാണ് മൈക്രോമാക്സ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ഇതോടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില 8,499 രൂപയായും 6 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില 9,449 രൂപയായും ഉയര്‍ന്നു. ഫ്‌ലിപ്കാര്‍ട്ട് വെബ്സൈറ്റില്‍ മൈക്രോമാക്സ് ഇന്‍ 2bയുടെ പുതിയ വില പ്രദര്ശിപ്പിക്കുന്നുണ്ട്. മൈക്രോമാക്‌സ്ഇന്‍ഫോ.കോം വെബ്സൈറ്റിലും പുതിയ വില പ്രദര്‍ശിപ്പിക്കുന്നുണ്ട്. അതെ സമയം മൈക്രോമാക്സ് ഇന്‍ 2b ഇപ്പോള്‍ സ്റ്റോക്കില്ല എന്നാണ് കമ്പനി വെബ്സൈറ്റ് പ്രദര്‍ശിപ്പിക്കുന്നത്.

കറുപ്പ്, നീല, പച്ച നിറങ്ങളില്‍ ലഭ്യമായ മൈക്രോമാക്‌സ് ഇന്‍ 2b, ആന്‍ഡ്രോയിഡ് 11-ലാണ് പ്രവര്‍ത്തിക്കുന്നത്. 400 നിറ്റ്‌സ് ബ്രൈറ്റ്‌നസ്സും, 89 ശതമാനം സ്‌ക്രീന്‍-ടു-ബോഡി റേഷ്യോയും, 20:9 ആസ്‌പെക്ട് റേഷ്യോയുമുള്ള 6.52 ഇഞ്ച് എച്ച്ഡി + വാട്ടര്‍ഡ്രോപ്പ്-സ്‌റ്റൈല്‍ നോച്ച് ഡിസ്പ്ലേയാണ് ഫോണിന്. യൂണിസോക്ക് ടി 610 ഒക്ട കോര്‍ SoC ആണ് ഫോണിന് കരുത്ത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ ഫോണിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കാം.

13 മെഗാപിക്‌സല്‍ പ്രധാന സെന്‍സറും (എഫ്/1.8 അപ്പേര്‍ച്ചര്‍), 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും ഉള്‍പ്പെടുന്ന ഡ്യുവല്‍ ക്യാമറായാണ് മൈക്രോമാക്‌സ് ഇന്‍ 2bയ്ക്ക്. നൈറ്റ് മോഡ്, ബാക്ഗ്രൗണ്ട് പോര്‍ട്രെയിറ്റ്, ബ്യൂട്ടി മോഡ്, മോഷന്‍ ഫോട്ടോ, പ്ലേ ആന്‍ഡ് പോസ് വീഡിയോ ഷൂട്ട്, ഫുള്‍-എച്ച്ഡി ഫ്രണ്ട്, ബാക്ക് റെക്കോര്‍ഡിംഗ് എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ ഈ ക്യാമറയ്ക്കുണ്ട്. മുന്‍വശത്ത് 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറായാണ്.

160 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്ക്, 20 മണിക്കൂര്‍ വെബ് ബ്രൗസിംഗ്, 15 മണിക്കൂര്‍ വീഡിയോ സ്ട്രീമിംഗ്, 50 മണിക്കൂര്‍ ടോക്ക്‌ടൈം എന്നിവ വാഗ്ദാനം ചെയ്യുന്ന 5000 എംഎഎച്ച് ബാറ്ററി പായ്ക്കാണ് മൈക്രോമാക്‌സ് ഇന്‍ 2bയില്‍. ഇരട്ട VoWiFi, ഡ്യുവല്‍ VoLTE, വൈ-ഫൈ 802.11 ac, ബ്ലൂടൂത്ത് v5, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.

 

 

Top