Microfinance case in january 20th

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃത്വത്തിലുള്ള മൈക്രോഫിനാന്‍സ് പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഈ മാസം 20ന് വിധി പറയും.

പദ്ധതിയുടെ മറവില്‍ 80 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടന്നതായുള്ള രഹസ്യ റിപ്പോര്‍ട്ടും വിജിലന്‍സ് മുദ്ര വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു. പിന്നാക്ക വികസന വകുപ്പിലെ ജില്ലാ ഉദ്യോഗസ്ഥര്‍ക്കും ക്രമക്കേടില്‍ പങ്കുണ്ടെന്നും വിജിലന്‍സ് പറഞ്ഞു.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, ഫിനാന്‍സ് കോ ഓര്‍ഡിനേറ്റര്‍ കെ.എം. മഹേശന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എം.ഡി എന്‍. നജീബ് എന്നിവരെ പ്രതികളാക്കി കേസെടുക്കണമെന്നാണ് വി.എസിന്റെ ആവശ്യം.

2003 മുതല്‍ 2015 വരെയുള്ള കാലയളവില്‍ മൈക്രോഫിനാന്‍സിലൂടെ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ളവര്‍ 15 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് വി.എസിന്റെ ആരോപണം. രഹസ്യ പരിശോധനയുടെ അടിസ്ഥാനത്തില്‍ പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എം.ഡി എന്‍. നജീബിനെതിരെ വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്‌തെങ്കിലും വിരമിച്ചതിനാല്‍ നടപ്പാക്കാനായില്ലെന്നും നേരത്തെ വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു.

Top