മൈക്രോബൂവറി തുടങ്ങുന്നത് സംസ്ഥാനത്തിന്റെ നികുതി വരുമാനം വര്‍ധിപ്പിക്കുമെന്ന് എക്‌സൈസ്

തിരുവനന്തപുരം: സംസ്ഥാനത്ത് മൈക്രോബ്രൂവറി യൂണിറ്റുകള്‍ തുടങ്ങി ബിയര്‍ നിര്‍മിച്ച് വില്‍പ്പന നടത്തുന്നത് സര്‍ക്കാരിന് സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുമൂലം നികുതിവരുമാനം വര്‍ധിക്കുമെന്നാണ് എക്‌സൈസ് വകുപ്പിന്റെ റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കര്‍ണാടകത്തിലെ മൈക്രോബ്രൂവറികള്‍ സന്ദര്‍ശിച്ച എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങാണ് ഇതുസംബന്ധിച്ച വിശദ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. കര്‍ണാടകത്തിലെ ലൈസന്‍സ് വ്യവസ്ഥകള്‍, നിയമങ്ങള്‍, പ്രവര്‍ത്തനരീതി, പരിശോധനാ സംവിധാനങ്ങള്‍, പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ എന്നിവയെല്ലാം റിപ്പോര്‍ട്ടിലുണ്ട്.

2012 മുതല്‍ 10,000 ചതുരശ്രഅടിയുള്ള സ്ഥാപനങ്ങള്‍ക്ക് മൈക്രോബ്രൂവറി ലൈസന്‍സ് നല്‍കുന്നുണ്ട്. ബാറുകളെ പോലെ ഇവയില്‍നിന്ന് ലൈസന്‍സ് ഫീസ് ഈടാക്കുന്നുണ്ട്. ഇവയുടെ നടത്തിപ്പിന് കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മാണം നടത്തുകയും ലൈസന്‍സിങ് സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കര്‍ണാടകയില്‍ 28 മൈക്രോബ്രൂവറികളാണുള്ളത്. വര്‍ഷം രണ്ടു ലക്ഷം രൂപയാണ് ഒരെണ്ണത്തിന് ലൈസന്‍സ് ഫീസ്. കൂടാതെ അഡീഷണല്‍ ലൈസന്‍സ് ഫീസായി ഒരു ലക്ഷം രൂപയുമുണ്ട്. ഒരു ലിറ്റര്‍ ബിയറിന് അഞ്ചു രൂപവീതം തീരുവയും അഡീഷണല്‍ എക്‌സൈസ് തീരുവയായി ലിറ്ററിന് 12.5 രൂപയും ഈടാക്കുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് മൈക്രോബ്രൂവറികള്‍ക്ക് അനുമതി നല്‍കണമെങ്കില്‍ പ്രത്യേക നിയമനിര്‍മാണവും ലൈസന്‍സിങ് സംവിധാനവും വേണ്ടിവരും. സാമൂഹിക വ്യവസ്ഥയ്ക്ക് ഇവ അനുയോജ്യമാണോ എന്നതു കണ്ടെത്താന്‍ പഠനം നടത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

Top