മാതാപിതാക്കള്‍ നേരിട്ട വംശീയ അധിക്ഷേപത്തെക്കുറിച്ച് പറഞ്ഞ് പൊട്ടിക്കരഞ്ഞ് മൈക്കല്‍ ഹോള്‍ഡിംഗ്

ലണ്ടന്‍: മാതാപിതാക്കള്‍ നേരിട്ട വംശീയ അധിക്ഷേപത്തെക്കുറിച്ച് പറഞ്ഞ് പൊട്ടിക്കരഞ്ഞ് വിന്‍ഡീസ് ബൗളിംഗ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിംഗ്. സ്‌കൈ ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് ഹോള്‍ഡിംഗ് മാതാപിതാക്കള്‍ നേരിട്ട അനുഭവം പറഞ്ഞ് പൊട്ടിക്കരഞ്ഞത്.

സത്യസന്ധമായി പറയാം, അച്ഛനമ്മമാരെ കുറിച്ച് പറയുമ്പോള്‍ ഞാന്‍ അല്‍പം വികാരധീനനാകും. അത് വീണ്ടും വീണ്ടും തികട്ടി വരും. എന്റെ അച്ഛനും അമ്മയും കടന്നുപോയ അവസ്ഥയെക്കുറിച്ച് എനിക്ക് നന്നായി അറിയാം. എന്റെ അച്ഛന്‍ കറുത്തവനായതുകൊണ്ട് എന്റെ അമ്മയുടെ കുടുംബക്കാര്‍ അദ്ദേഹത്തോട് സംസാരിക്കാറുപോലുമില്ലായിരുന്നു.

എനിക്കറിയാം അവര്‍ കടന്നുപോയ അവസ്ഥകള്‍. അതൊക്കെ പെട്ടെന്ന് എന്റെ മനസിലേക്ക് ഓടിയെത്തി. കണ്ണീര്‍ തുടച്ചുകൊണ്ട് ഹോള്‍ഡിംഗ് പറഞ്ഞു. വംശീയാധിക്ഷേപത്തെക്കുറിച്ചുള്ള ഹോള്‍ഡിംഗിന്റെ വാക്കുകള്‍ താന്‍ കണ്ടിരുന്നുവെന്നും അതിപ്പോഴും തന്റെ സിരകളെ ചൂടുപിടിപ്പിക്കുന്നുവെന്നും വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു.

അമേരിക്കയില്‍ പോലീസുകാരുടെ ക്രൂരതയില്‍ ജോര്‍ജ്ജ് ഫ്‌ലോയ്ഡ് എന്ന കറുത്തവര്‍ഗക്കാരന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ലോകമെമ്പാടും വംശീയ അധിക്ഷേപത്തിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള ബ്ലാക് ലൈവ്‌സ് മാറ്റര്‍ ക്യാംപെയിനിന് കായിക ലോകവും പിന്തുണ അറിയിച്ചിരുന്നു.

Top