പ്രതീക്ഷക്കൊത്ത് ഉയരാത്തവരുടെ സംഘമാണ് എല്ലായ്പ്പോഴും ഇന്ത്യന്‍ ടീമെന്ന് മൈക്കല്‍ വോണ്‍

മെല്‍ബണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റിലെ ഇന്നിംഗ്സ് തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. പ്രതീക്ഷക്കൊത്ത് ഉയരാത്തവരുടെ സംഘമാണ് എല്ലായ്പ്പോഴും ഇന്ത്യന്‍ ടീമെന്ന് മൈക്കല്‍ വോണ്‍ പറ‍ഞ്ഞു. പാകിസ്ഥാന്‍-ഓസ്ട്രേലിയ ടെസ്റ്റ് മത്സരത്തിൽ കമന്ററി പറയുന്നതിനിടെയായിരുന്നു വോണ്‍ ഇന്ത്യന്‍ ടീമിനെ രൂക്ഷമായി വിമര്‍ശിച്ചത്.

സമീപകാലത്ത് ഇന്ത്യ അധികം വിജയങ്ങളൊന്നും നേടിയിട്ടില്ല. അതുകൊണ്ടുതന്നെ അവരെ പ്രതീക്ഷക്കൊത്ത് ഉയരാത്തവരെന്ന് വിളിക്കേണ്ടിവരും. സത്യം പറഞ്ഞാല്‍ അവസാനമായി അവരെന്നാണ് ഒരു പ്രധാന ടൂര്‍മെന്റോ പരമ്പരയോ ജയിച്ചത്. ഓസ്ട്രേലിയയില്‍ തുടര്‍ച്ചയായി രണ്ട് തവണ പരമ്പര നേടിയെന്നത് ശരിയാണ്. അത് ചെറിയ നേട്ടമല്ല. പക്ഷെ അവസാനം നടന്ന ചില ലോകകപ്പുകളിലൊന്നും അവര്‍ക്ക് കിരീടം നേടാനായിട്ടില്ല. ഏകദിന ലോകകപ്പായാലും ടി20 ലോകകപ്പായാലും അവരെവിടെയും എത്തിയില്ല.

ഇന്ത്യയില്‍ ലഭ്യമായ പ്രതിഭകളും സൗകര്യങ്ങളും കണക്കിലെടുത്താല്‍ അവര്‍ ഇതുവരെ കാര്യമായി ഒന്നും നേടിയിട്ടില്ല. 2013ലാണ് ഇന്ത്യ അവസാനമായി ഐസിസി കിരീടം നേടിയത്. ധോണിയുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ചാമ്പ്യൻസ് ട്രോഫിയിലാണ് ഇന്ത്യ അവസാനമായി ജേതാക്കളായത്.

ലോകകപ്പില്‍ തുടര്‍ച്ചയായി പത്ത് കളി ജയിച്ചെങ്കിലും ഫൈനലില്‍ തോറ്റു. അതിനുശേഷം ദക്ഷണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരിചയ സമ്പന്നരായ താരങ്ങളുണ്ടായിട്ടും ഇന്ത്യ തോറ്റു. ഇന്ത്യയിലെ പ്രതിഭാധനരായ കളിക്കാരുടെ കാര്യമെടുത്താല്‍ അവര്‍ ഇതുവരെയൊന്നും നേടിയിട്ടില്ലെന്നും വോണ്‍ പറഞ്ഞു.

2013ലെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിനുശേഷം 2014ലെ ടി20 ലോകകപ്പില് ഫൈനലില്‍ തോറ്റ ഇന്ത്യ 2015ലെ ഏകദിന ലോകകപ്പിൽ സെമിയില്‍ പുറത്തായി. 2016ലെ ടി20 ലോകകപ്പ് സെമിയിലും 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും തോറ്റു. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ തോറ്റ ഇന്ത്യ 2021ലെ ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. 2022ലെ ടി20 ലോകകപ്പില്‍ സെമിയിലും 2023ലെ ഏകദിന ലോകകപ്പില്‍ ഫൈനലിലും ഇന്ത്യ തോറ്റു. ഇതിനിടെ രണ്ട് തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തിയെങ്കിലും ആദ്യം ന്യൂസിലന്‍ഡിനോടും രണ്ടാം തവണ ഓസീസിനോടും തോറ്റു.

Top