മൈക്കള്‍ ജാക്‌സന്റെ ജാക്കറ്റ് വിറ്റത് രണ്ടര കോടി രൂപക്ക്

പോപ്പ് സംഗീതത്തിലെ ചക്രവര്‍ത്തിയായിരുന്നു മൈക്കള്‍ ജാക്‌സണ്‍. സംഗീതത്തില്‍ തന്റേതായ ശൈലി രൂപപ്പെടുത്തി ലോകത്തെ മുഴുവന്‍ തന്നിലേക്ക് ആവാഹിക്കാന്‍ അദ്ദേഹത്തിനായി. ‘പോപ്പ് രാജാവ്’ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരില്‍ ഗിന്നസ് പുസ്തകത്തില്‍ ഇടം നേടിയിട്ടുണ്ട്.

സംഗീതം, നൃത്തം, ഫാഷന്‍ മുതലായ മേഖലകളിലെ ഇദ്ദേഹത്തിന്റെ സംഭാവനകള്‍ നാല് പതിറ്റാണ്ടുകളിലേറെ ഇദ്ദേഹത്തെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിയാക്കിത്തീര്‍ത്തു. ഇപ്പോഴിതാ മൈക്കല്‍ ജാക്സണ്‍ ധരിച്ച ലെതര്‍ ജാക്കറ്റ് ലേലത്തില്‍ വിററ്റിരിക്കുകയാണ്. 1984-ലെ പെപ്സി പരസ്യത്തില്‍ മൈക്കിള്‍ ജാക്സണ്‍ ധരിച്ചിരുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ലെതര്‍ ജാക്കറ്റാണ് 3,06,000 ഡോളറിന് (2,53,89,539 രൂപ) വിറ്റത്.

കഴിഞ്ഞ ദിവസം ലണ്ടനില്‍ വെച്ചാണ് ലേലം നടന്നത്. എല്‍വിസ് പ്രെസ്ലി, ജോര്‍ജ് മൈക്കല്‍, എമി വൈന്‍ഹൗസ്, ഡേവിഡ് ബോയി, ബീറ്റില്‍സ്, ക്വീന്‍ തുടങ്ങിയ സംഗീത പ്രമുഖരുമായി ബന്ധപ്പെട്ട വിവിധ കളക്ഷനുകളും ലേലത്തില്‍ വിറ്റുപോയിട്ടുണ്ട്. 1983-ല്‍ തന്റെ പ്രശസ്തമായ മൂണ്‍വാക്ക് അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് മൈക്കിള്‍ ജാക്സന്‍ ധരിച്ചിരുന്ന കറുത്ത ഫെഡോറ തൊപ്പി ഉള്‍പ്പെടെ പലതും പല ലേലങ്ങളിലായി വിറ്റുപോയിട്ടുണ്ട്. മരണാനന്തരം ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന കലാകാരന്‍ എന്ന ലേബല്‍ ജാക്‌ന്‌സ്വന്തം. മറ്റൊരു ഗായകനും നേടാനാകാത്ത 13 ഗ്രാമി അവാര്‍ഡുകള്‍, സംഗീതം, നൃത്തം, ഫാഷന്‍ മുതലായ മേഖലകളിലെ അദേഹത്തിന്റെ സംഭാവനകള്‍ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിയാക്കി മൈക്കിള്‍ ജാക്‌സനെ മാറ്റി. 2009 ജൂണ്‍ 25 ന് പ്രൊപ്പഫോള്‍, ലോറാസെപാം മുതലായ മയക്കുമരുന്നുകളുടെ അമിത ഉപയോഗം മൂലമുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് ജാക്‌സണ്‍ മരിക്കുന്നത്.

Top