michael flinn resigned from americas national security adviser post

വാഷിങ്ടണ്‍: അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ളിന്‍ രാജിവച്ചു. റഷ്യയുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ രാജിയെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.

അമേരിക്കയുടെ രഹസ്യങ്ങള്‍ റഷ്യന്‍ അംബാസിഡറുമായി പങ്കുവെച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി. സംഭവത്തില്‍ ഫ്‌ളിന്‍ മാപ്പ് ചോദിച്ചു.

ട്രംപ് അധികാരമേല്‍ക്കുന്നതിന് മുമ്പ് മൈക്കല്‍ ഫ്‌ളിന്‍ റഷ്യന്‍ നയതന്ത്ര പ്രതിനിധിയുമായി അമേരിക്കയുടെ രഹസ്യങ്ങള്‍ പങ്കുവെച്ചുവെന്നാണ് ആരോപണം.

മൈക്കല്‍ ഫ്‌ളിന്നിന്റെ റഷ്യന്‍ ബന്ധത്തെ കുറിച്ച് നേരത്തെ തന്നെ ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ് വൈറ്റ് ഹൗസിന് മുന്നറിയിപ്പ് നല്‍കിയതായും അമേരിക്കന്‍ മാധ്യമങ്ങള്‍ നേരത്തെ പുറത്തുവിട്ട വാര്‍ത്തയില്‍ വ്യക്തമാക്കിയിരുന്നു. ഫ്‌ളിന്‍ റഷ്യക്കാരുടെ ബ്ലാക്ക്‌മെയിലിങിനു വിധേയനായെന്നാണ് ആരോപണം.

എന്നാല്‍ തന്റെ സംഭാഷണം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നാണ് മൈക്കല്‍ ഫ്‌ളിന്നിന്റെ വിശദീകരണം. വിവാദമുണ്ടായതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

2012ല്‍ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ ഡയറക്ടറായി ചുമതലയേറ്റ ഫ്‌ളിന്‍ ഇന്‍ലിജന്‍സ് പ്രഫഷണല്‍ എന്ന നിലയില്‍ പേരെടുത്ത വ്യക്തിയാണ്.

ഐഎസിനെതിരേയുള്ള പോരാട്ടം പോലുള്ള ചിലകാര്യങ്ങളില്‍ മോസ്‌കോയുമായി വാഷിങ്ടണ്‍ സഹകരിക്കണമെന്ന നിലപാട് ഫ്‌ളിന്‍ പുലര്‍ത്തിയിരുന്നു. ഇതിന്റെ പേരില്‍ അദ്ദേഹം ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടതായും വന്നിരുന്നു.

മൈക്കല്‍ ഫ്‌ളിന്നിന്റെ ഒഴിവില്‍ ജനറല്‍ ജോസഫ് കെയ്ത് കെല്ലോഗ്ഗിനെ ഇടക്കാല സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

Top