എംഐസിയുടെ നേതൃത്വത്തില്‍ ഇന്‍ഡീസ്‌ക്രീന്‍ എന്ന പേരില്‍ പുതിയ ഒടിടി പ്ലാറ്റ്ഫോം വരുന്നു

മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ (എംഐസി) യുടെ നേതൃത്വത്തില്‍ ഇന്‍ഡീസ്‌ക്രീന്‍ എന്ന പേരില്‍ പുതിയ ഒടിടി പ്ലാറ്റ്ഫോം വരുന്നു. സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരുടെയും ആസ്വാദകരുടെയും ജനകീയ കൂട്ടായ്മയാണ് മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ. മലയാളത്തില്‍ നിന്നും ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുമുള്ള സിനിമകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതോടൊപ്പം ലോകം മുഴുവനുമുള്ള സ്വതന്ത്ര സിനിമകളെ ഒരു കുടക്കീഴില്‍ എത്തിക്കുക എന്നുള്ളതാണ് ഇന്‍ഡീസ്‌ക്രീന്‍ ലക്ഷ്യം വെക്കുന്നത്.

സ്വതന്ത്ര സിനിമകളുടെ ഇടം വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2019 ഡിസംബറില്‍ ഒരു കൂട്ടം സ്വതന്ത്ര സിനിമാ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് എംഐസിക്ക് രൂപം നല്‍കുകയായിരുന്നു. ഷാജി എന്‍. കരുണ്‍ എംഐസിയുടെ ലോഗോ പ്രകാശനം ചെയ്യുകയും അടൂര്‍ ഗോപാലകൃഷ്ണന്‍ ആദ്യയോഗത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു.

പ്രഗത്ഭരും മേഖലയിലെ വിദഗ്ദ്ധരുമായവരുടെ ഒരു പാനല്‍ തെരഞ്ഞെടുത്ത സ്വതന്ത്ര സിനിമകളാകും ഇന്‍ഡീസ്‌ക്രീന്‍ എന്ന ഒാടിടി പ്ലാറ്റ്‌ഫോം അവതരിപ്പിക്കുക. ഒപ്പം സാമ്പത്തിക സമാഹരണം നടത്താന്‍ കഴിയുന്നതരത്തിലുള്ള പ്രദര്‍ശനങ്ങള്‍ക്ക് പ്രയാസപ്പെടുന്ന സ്വതന്ത്ര സിനിമാ മേഖലയ്ക്ക് ഒരു സഹായമായി മാറുകയും ചെയ്യും.

Top