പ്രക്ഷോഭകര്‍ക്ക് മുന്നില്‍ മുട്ടുകുത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മിയാമി പൊലീസ്‌

മിയാമി: പൊലീസ് അതിക്രമത്തില്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയിലെങ്ങും പ്രതിഷേധം കത്തിപ്പടരുകയാണ്. ജോര്‍ജ് ഫ്‌ളോയിഡിന് നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് തെരുവുകള്‍തോറും പ്രക്ഷോഭങ്ങളും അനുശോചനങ്ങളും നടക്കുന്നത്. ഇപ്പോഴിതാ പ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മിയാമി പൊലീസും.

മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം പ്രക്ഷോഭകര്‍ക്ക് മുന്നില്‍ മുട്ടുകുത്തിയിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഫ്‌ളോറിഡയിലെ മിയാമിക്ക് സമീപത്തെ കോറല്‍ ഗേബ്ലസ് നഗരത്തില്‍നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മിയാമി പൊലീസ് അസോസിയേഷന്‍ കോറല്‍ ഗേബ്ലസിലെ ഉദ്യോഗസ്ഥരാണ് പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുട്ടുകുത്തിയിരുന്നത്. അമേരിക്കയിലെ പല ഉദ്യോഗസ്ഥരും മിനിയപ്പൊലിസ് പോലീസിന്റെ നടപടിയെ അപലപിച്ചിട്ടുണ്ട്.

അതേസമയം,ജോര്‍ജ് ഫ്‌ളോയിഡിന്റെ ജന്മനാടായ ഹൂസ്റ്റണിലെ പൊലീസ് മേധാവി കൊലപാതകത്തെ പരസ്യമായി അപലപിച്ചിരുന്നു. ആഫ്രിക്കന്‍-അമേരിക്കന്‍ വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ മിനസോട്ട പൊലീസുകാരനായ ഡെറിക് ചൗ ആണ് കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി, സര്‍വീസില്‍നിന്നു പുറത്താക്കിയിരുന്നു.

Top