എം.ഐ.ഷാനവാസിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് രാഷ്ട്രീയ നേതാക്കള്‍

തിരുവന്തപുരം: വയനാട് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.ഐ.ഷാനവാസിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസനത്തിന് ശ്രദ്ധ കേന്ദ്രീകരിച്ച രാഷ്ട്രീയ നേതാവായിരുന്നു ഷാനവാസെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

കേരള രാഷ്ട്രീയം കണ്ട ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവായിരുന്നു ഷാനവാസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു ജേഷ്ഠ സഹോദരനെയാണ് തനിക്ക് നഷ്ടമായതെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ എക്കാലത്തെയും പകരം വയ്ക്കാനില്ലാത്ത നേതാവായിരുന്നു ഷാനവാസെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും കേരള രാഷ്ട്രീയത്തിനും നികത്താനാവാത്ത നഷ്ട്മാണ് ഷാനവാസിന്റെ വിയോഗമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും പറഞ്ഞു. ബെന്നിബഹനാന്‍, എം.ബി.രാജേഷ് എം.പി, എ.കെ.ശശീന്ദ്രന്‍ എംഎല്‍എ തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു ഷാനവാസിന്റെ അന്ത്യം. കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാനവാസിന്റെ ആരോഗ്യസ്ഥതി കഴിഞ്ഞദിവസം അണുബാധയെത്തുടര്‍ന്നു വഷളാവുകയും ബുധനാഴ്ച പുലര്‍ച്ചെ അന്ത്യം സംഭവിക്കുകയുമായിരുന്നു. നിലവില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായിരുന്നു.

Top