രാഹുലിന് ചരിത്ര ഭൂരിപക്ഷവും നല്‍കി രണ്ട് മന്ത്രി സ്ഥാനം ലക്ഷ്യമിട്ട് മുസ്ലീംലീഗ്

രാഹുല്‍ ഗാന്ധിക്ക് മുസ്ലീം ലീഗ് നല്‍കുന്ന കട്ട പിന്തുണയില്‍ ലക്ഷ്യമിടുന്നത് രണ്ട് കേന്ദ്രമന്ത്രി പദം.

യു.പി.എ അധികാരത്തില്‍ വരികയാണെങ്കില്‍ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറിമാരായ ഇ.ടി.മുഹമ്മദ് ബഷീറിനും പി.കെ കുഞ്ഞാലിക്കുട്ടിക്കും കേന്ദ്ര മന്ത്രി പദം ഉറപ്പാക്കുകയാണ് ലീഗ് ലക്ഷ്യം. പച്ചക്കൊടി ഉയര്‍ത്തുന്നത് ഉത്തരേന്ത്യയില്‍ തിരിച്ചടിയാവുമെന്ന ആശങ്കയൊന്നും വകവയ്ക്കാതെയാണ് ലീഗ് പ്രവര്‍ത്തനം. കൂറ്റന്‍ ഹരിത പതാകകള്‍ ഉയര്‍ത്തിയാണ് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ പങ്കെടുക്കാന്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ എത്തിയത്. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരേക്കാള്‍ ആവേശവും പ്രവര്‍ത്തക പ്രാധിനിത്യവും ലീഗിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.

വയനാടിന് പുറമെ പ്രത്യേകിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നാണ് ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത്. കഴിഞ്ഞ തവണ എം.ഐ ഷാനവാസ് നേടിയ 20,870 വോട്ടിന്റെ ന്റെ ഭൂരിപക്ഷം രാഹുലിന് 5 ലക്ഷത്തില്‍ എത്തിക്കുക എന്നതാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. ഇതില്‍ ലീഗിന്റെ വോട്ടാണ് ഏറെ നിര്‍ണ്ണായകമാവുക. 2009ല്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ഷാനവാസ് വിജയിച്ചിരുന്നത്. 1,53,439 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് അന്ന് വയനാട് മണ്ഡലത്തില്‍ ഷാനാവാസ് ചരിത്രം സൃഷ്ടിച്ചത്.

2014ല്‍ ഭൂരിപക്ഷം കുത്തന്നെ കുറഞ്ഞത് ഷാനാവാസ് മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കാത്തത് കൊണ്ടാണെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. മുസ്ലീം ലീഗിന്റെ നല്ലൊരു വിഭാഗം വോട്ടും ഈ അതൃപ്തിയെ തുടര്‍ന്ന് രേഖപ്പെടുത്തിയിരുന്നില്ലെന്ന് രഹസ്യമായി ലീഗ് നേതൃത്വം തന്നെ സമ്മതിക്കുന്നുണ്ട്.

എന്നാല്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധി തന്നെ മല കയറിയ സ്ഥിതിക്ക് ഭൂരിപക്ഷം 5 ലക്ഷം കവിയുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്സ്-ലീഗ് പ്രവര്‍ത്തകരും നേതാക്കളും.

മലപ്പുറം, വയനാട് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ലോകസഭാ മണ്ഡലത്തിലെ നിര്‍ണ്ണായക ശക്തിയായ മുസ്ലീം ലീഗിന് രാഹുലിന്റെ മികച്ച വിജയത്തില്‍ പ്രധാന റോളുണ്ടാകുമെന്നതിനാല്‍ ലീഗിന്റെ ഒരു അവകാശവാദവും തള്ളിക്കളയാന്‍ കോണ്‍ഗ്രസ്സിന് ഇനി കഴിയില്ല.

ഇ.ടി മുഹമ്മദ് ബഷീറിനു പുറമെ പി.കെ കുഞ്ഞാലിക്കുട്ടി കൂടി എം.പി ആകുന്നതോടെ രണ്ട് നേതാക്കള്‍ക്കായി മന്ത്രി സ്ഥാനം ആവശ്യപ്പെടാമെന്ന കണക്ക് കൂട്ടലിലാണ് ലീഗ് നേതൃത്വം. മുന്‍പ് യു.പി.എ ഭരണകാലത്ത് ഇ അഹമ്മദിന് മാത്രമായിരുന്ന സഹമന്ത്രി സ്ഥാനം ലഭിച്ചിരുന്നത്. രണ്ട് ലോകസഭ അംഗങ്ങളും ഒരു രാജ്യസഭ അംഗവുമുള്ള ലീഗിന് അതില്‍ കൂടുതല്‍ അവകാശപ്പെടാന്‍ അന്നത്തെ സാഹചര്യത്തില്‍ കഴിയുമായിരുന്നില്ല.

ഇത്തവണ തമിഴ് നാട്ടില്‍ ഡി.എം.കെ മുന്നണിയില്‍ മത്സരിക്കുന്നതിനാല്‍ അവിടെ നിന്നും ഒരു സീറ്റ് ലീഗ് പ്രതീക്ഷിക്കുന്നുണ്ട്. മൂന്ന് അംഗങ്ങള്‍ ലോകസഭയില്‍ മാത്രം ഉണ്ടാകുമെന്നാണ് അവകാശവാദം. കുഞ്ഞാലിക്കുട്ടിയെ കേന്ദ്ര മന്ത്രിയാക്കിയാല്‍ കേരളത്തില്‍ മന്ത്രിയാകാന്‍ അവസരം ലഭിക്കുമെന്നതിനാല്‍ ലീഗിലെ സ്ഥാനമോഹികളും വലിയ പ്രതീക്ഷയിലാണ്. മുന്‍പ് രാജ്യസഭയിലേക്ക് കുഞ്ഞാലിക്കുട്ടിയുടെ നോമിനിയായിരുന്ന കെ.പി.എ മജീദിനെ വെട്ടിനിരത്തിയ വഹാബിനും കേന്ദ്രമന്ത്രി പദത്തില്‍ കണ്ണുണ്ട്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായുള്ള അടുപ്പമാണ് വ്യവസായിയായ പി.വി അബ്ദുള്‍ വഹാബിന്റെ കരുത്ത്.

കഴിഞ്ഞ യു.പി.എ ഭരണകാലത്ത് മാത്രം 8 കേന്ദ്ര മന്ത്രിമാരാണ് കേരളത്തില്‍ നിന്നും ഉണ്ടായിരുന്നത്. എ.കെ.ആന്റണി, വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍ , കെ.സി വേണുഗോപാല്‍, കൊടിക്കുന്നല്‍ സുരേഷ്, കെ.വി തോമസ്, ശശി തരൂര്‍, ഇ അഹമ്മദ് എന്നിവരാണ് കേന്ദ്ര മന്ത്രിമാരായിരുന്നത്. ഇതില്‍ എ.കെ ആന്റണി കാബിനറ്റ് റാങ്കുള്ള മന്ത്രിയായിരുന്നു.

വീണ്ടും ഒരിക്കല്‍ കൂടി യു.പി.എക്ക് ഒറ്റക്ക് അധികാരം ലഭിച്ചാല്‍ കേരളത്തിന്റെ മന്ത്രി വിഹിതം കൂടുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം. എന്നാല്‍ മൂന്നാം ചേരിയുടെ പിന്തുണയോടെയാണ് ഭരിക്കാന്‍ അവസരം കിട്ടുന്നതെങ്കില്‍ പണി പാളും. എല്ലാ പ്രാദേശിക കക്ഷികള്‍ക്കും മന്ത്രി പദവി കൊടുക്കേണ്ടി വരുമെന്നത് കേരളത്തിലെ യു.ഡി.എഫിനാണ് തിരിച്ചടിയാവുക. എന്നാല്‍ ലീഗിനെ സംബന്ധിച്ച് ഇക്കാര്യത്തില്‍ ആശങ്കയില്ല. യുപിഎ അധികാരത്തില്‍ വന്നാല്‍ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയ്ക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം ലഭിച്ചതിന് പ്രത്യുപകാരം കിട്ടുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ. വലിയ ആത്മവിശ്വാസമാണ് ലീഗ് നേതൃത്വത്തിന് ഇക്കാര്യത്തില്‍ ഉള്ളത്.

‘ലോകസഭയില്‍ ലീഗ് 3 സീറ്റ് ഉറപ്പിച്ചു, സി.പി.എം എത്ര സീറ്റ് ഉറപ്പിച്ചു എന്ന് പരിഹസിക്കാനും ലീഗ് നേതാക്കള്‍ മടിക്കുന്നില്ല. സി.പി.എമ്മിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലീഗിന് ലഭിക്കുമെന്നാണ്’ പി.കെ കുഞ്ഞാലിക്കുട്ടി തന്നെ പ്രതികരിച്ചത്.

രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ 20 സീറ്റും തൂത്ത് വാരുമെന്നും തമിഴകത്തും കര്‍ണ്ണാടകയിലും സമാന സാഹചര്യം ഉണ്ടാക്കുമെന്നുമാണ് കോണ്‍ഗ്രസ്സ് നേതൃത്വം വിലയിരുത്തുന്നത്. ഈ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുമായി 70 സീറ്റാണ് യു.പി.എ പ്രതീക്ഷിക്കുന്നത്. ആന്ധ്രയിലും തെലങ്കാനയിലും വലിയ പ്രതീക്ഷ ഇല്ലെങ്കിലും യു.പി.എക്ക് ടി.ആര്‍.എസിന്റെയും വൈ എസ് ആര്‍ കോണ്‍ഗ്രസ്സിന്റെയും പിന്തുണ ഉറപ്പിക്കാനും അണിയറയില്‍ ചരടുവലികള്‍ നടക്കുന്നുണ്ട്. ആന്ധ്രയുടെ ചുമതലയുള്ള ഉമ്മന്‍ ചാണ്ടിയാണ് ഈ നീക്കത്തിനു പിന്നില്‍.

Top