എംഐ ഷാനവാസിന് ആ​യി​ര​ങ്ങ​ളു​ടെ അന്ത്യാഞ്ജലി; കബറടക്കം നടത്തി

കൊച്ചി: അന്തരിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ എം.ഐ. ഷാനവാസിന്റെ (67) മൃതദേഹം കബറടക്കി. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്ന് രാവിലെ പത്തരയോടെ കലൂര്‍ തോട്ടത്തുംപടി മുസ്ലീം ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സുധാകരന്‍ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

പതിറ്റാണ്ടു കാലം സംസ്ഥാന രാഷ്ട്രീയത്തില്‍ തിളങ്ങിനിന്ന ഷാനവാസിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എറണാകുളം നോര്‍ത്ത് ആനി തയ്യില്‍ റോഡിലെ നൂര്‍ജഹാന്‍ മന്‍സിലിലെ വസതിയിലേക്ക് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒഴുക്കായിരുന്നു.

ബുധനാഴ്ച മൃതദേഹം പൊതുദര്‍ശനത്തിനുവച്ച ടൗണ്‍ഹാളിലും നൂറുകണക്കിനുപേര്‍ തടിച്ചുകൂടി. പൊതുദര്‍ശനത്തിനുശേഷം രാത്രിയോടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുവന്നു. വ്യാഴാഴ്ച രാവിലെ പത്തോടെ വീട്ടിലും തുടര്‍ന്നു പള്ളിയിലും നടന്ന ചടങ്ങുകള്‍ക്കുശേഷമാണു മൃതദേഹം കബറടക്കിയത്.

Top