ഷവോമിയുടെ എംഐ ബാന്റ് 3 ഇന്ത്യയില്‍ അവതരിപ്പിച്ചു; ഇന്ന് മുതല്‍ വിപണിയിലെത്തും

ബംഗലൂരു: ഷവോമിയുടെ വെയറബിള്‍ പ്രോഡക്ടുകളിലെ ഹോട്ട് പ്രോഡക്ട് എംഐ ബാന്റ് 3 ഇന്ത്യയില്‍ അവതരിപ്പിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് ചൈനീസ് വിപണിയില്‍ എത്തിയ എംഐ ബാന്റ് 3 ബംഗലൂരുവില്‍ നടന്ന ചടങ്ങിലാണ് ഷവോമി പുറത്തിറക്കിയത്.

ഒഎല്‍ഇഡി സ്‌ക്രീനോടെ എത്തുന്ന എംഐ ബാന്റ് 3 യുടെ സ്‌ക്രീന്‍ വലിപ്പം ഷവോമി വര്‍ധിപ്പിച്ചിട്ടുണ്ട്. ജല പ്രതിരോധ ശേഷിയും 50 എം ആയി ഉയര്‍ത്തിയിട്ടുണ്ട്. നോട്ടിഫിക്കേഷനില്‍ വരുന്ന സന്ദേശങ്ങള്‍ വായിക്കാന്‍ സാധിക്കും എന്നതാണ് എംഐ ബാന്റിന്റെ മറ്റൊരു പ്രത്യേകത. 0.78 ആണ് എംഐ ബാന്റിന്റെ സ്‌ക്രീന്‍ വലിപ്പം.

ഹൃദയമിടിപ്പ് അടക്കം കൃത്യമായി മോണിറ്റര്‍ ചെയ്യാവുന്നതിനൊപ്പം മൂന്ന് ദിവസത്തേക്കുള്ള കാലാവസ്ഥ അറിയിപ്പ് എംഐ ബാന്റില്‍ ലഭിക്കും. മെനു നാവിഗേഷന്‍ മുകളിലേക്കും, താഴെക്കും എന്ന രീതിയിലും, ഇടത് വലത് എന്ന രീതിയിലാക്കിയത് കൂടുതല്‍ ഉപകാരപ്രദമാകും. സ്റ്റോപ്പ് വാച്ച്, ഫോണ്‍ ലോക്കേഷന്‍ ഫംഗ്ഷന്‍ എന്നിവ പുതുതായി എംഐ ബാന്റ് 3യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എംഐ ബാന്റ് 3 സെപ്റ്റംബര്‍ 28 ഉച്ചതിരിഞ്ഞ് 12 മുതല്‍ എംഐ. കോം, ആമസോണ്‍ എന്നിവിടങ്ങളില്‍ ലഭ്യമാകും. ബാന്റ് 3 ഓഫ് ലൈനായും വിപണിയില്‍ ലഭ്യമാകും. 1999 രൂപയാണ് വില.

Top