സിഖ് വിരുദ്ധ കലാപം; കമല്‍നാഥിനെതിരായ പുനരന്വേഷണത്തിന് അനുമതി

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്‍റെ പങ്ക് പുനരന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

ഇതുസംബന്ധിച്ച ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ കമല്‍നാഥിനെതിരെ ആരോപണവുമായി ഡല്‍ഹി എം.എല്‍.എയും ശിരോമണി അകാലിദള്‍ നേതാവുമായ മഞ്ജീന്ദര്‍ സിങ് സിര്‍സ രംഗത്തെത്തിയിട്ടുണ്ട്. പുനരന്വേഷണം നടത്തുന്ന ഏഴ് കേസുകളില്‍ ഒന്നില്‍ പ്രതികളായിരുന്ന അഞ്ചുപേരില്‍ ഒരാള്‍ക്ക് കമല്‍നാഥ് അഭയം നല്‍കിയിരുന്നുവെന്നാണ് ആരോപണം.

പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) കമല്‍നാഥിനെതിരെ നടപടികള്‍ ആരംഭിച്ചു. കമല്‍നാഥിനെതിരായ പുതിയ തെളിവുകള്‍ എസ്.ഐ.ടി പരിഗണിക്കും. കേസില്‍ കമല്‍നാഥിനെതിരെ രണ്ട് പേര്‍ സാക്ഷി പറയാന്‍ തയ്യാറായിട്ടുണ്ടെന്ന് അകാലിദള്‍ നേതാവ്‌ മജീന്ദര്‍ പറയുന്നു.

ഡൽഹിയിലെ ഗുരുദ്വാര റകബ്ഗഞ്ചിന് പുറത്ത് നടന്ന കലാപത്തിൽ കമൽനാഥ് പങ്കെടുത്തതായാണ് അകാലിദളിൻെറ ആരോപണം.

1984ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ വധിച്ചതിന് പിന്നാലെയാണ് സിക്ക് വിരുദ്ധ കലാപം ഉണ്ടായത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി പടര്‍ന്നു പിടിച്ച സിക്ക് വിരുദ്ധ കലാപത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.

Top