വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് വരാം; കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് വരുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്രസര്‍ക്കാര്‍. ബിസിനസുകാര്‍, ആരോഗ്യ സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, മറ്റുമേഖലകളിലെ വിദഗ്ധര്‍ എന്നിവര്‍ക്ക് ഇനി ഇന്ത്യയിലേക്ക് വരാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ബിസിനസ് വിസയില്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് വരുന്ന വിദേശ വ്യവസായികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. മാത്രമല്ല ലബോറട്ടറികളും ഫാക്ടറികളും അടക്കമുള്ള ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ എത്തുന്ന ഗവേഷകര്‍, ടെക്‌നീഷ്യന്മാര്‍ തുടങ്ങിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഇവര്‍ അംഗീകൃത സര്‍വ്വകലാശാലയുടെയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടേയോ ആരോഗ്യരക്ഷാ സ്ഥാപനത്തിന്റെയോ ക്ഷണപത്രം ഹാജരാക്കേണ്ടിവരും.

എന്‍ജിനിയര്‍മാര്‍, ഡിസൈനര്‍മാര്‍, മാനേജര്‍മാര്‍ എന്നിവര്‍ക്ക് അവര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ശാഖ ഇന്ത്യയിലുണ്ടെങ്കില്‍ രാജ്യത്തേക്ക് വരാം. നിര്‍ മാണ യൂണിറ്റുകള്‍, ഡിസൈന്‍ സ്ഥാപനങ്ങള്‍, സോഫ്റ്റ്‌വെയര്‍, ഐ.ടി സ്ഥാപനങ്ങള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ക്കെല്ലാം ഇളവ് ലഭിക്കും.

അതേസമയം, വിദേശത്ത് നിര്‍മ്മിച്ച യന്ത്ര സാമഗ്രികളുടെ അറ്റകുറ്റപ്പണിക്കും നവീകരണത്തിനുമായി എത്തുന്ന സാങ്കേതിക വിദഗ്ധര്‍ക്കും നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ പുതിയ ബിസിനസ് വിസയ്‌ക്കോ തൊഴില്‍ വിസയ്‌ക്കോ അപേക്ഷ നല്‍കേണ്ടിവരുമെന്നും ദീര്‍ഘകാല മള്‍ട്ടിപ്പിള്‍ വിസ കൈവശമുള്ള വിദേശികള്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങളുമായി ബന്ധപ്പെട്ട് വിസ സാധുവാണെന്ന് ഉറപ്പാക്കണമെന്നും നേരത്തെ ലഭിച്ച ഇലക്ട്രോണിക് വിസയുടെ ബലത്തില്‍ ആര്‍ക്കും ഇന്ത്യയിലേക്ക് വരാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

Top