MH17 shot down by Buk missile brought from Russia, say investigators

ആംസ്റ്റര്‍ഡാം: മലേഷ്യന്‍ യാത്രാവിമാനമായ എം.എച്ച് 17 തകര്‍ന്നുവീണ സംഭവത്തില്‍ റഷ്യക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്. നെതര്‍ലന്‍ഡിന്റെ നേതൃത്വത്തിലുള്ള രാജ്യാന്തര അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട പ്രകാരം റഷ്യയുടെ ബള്‍ക്ക് മിസൈലാക്രമണത്തിലാണ് എം.എച്ച് 17 മലേഷ്യന്‍ വിമാനം തകര്‍ന്നത്. റഷ്യന്‍ വിമതരുടെ ശക്തികേന്ദ്രമായ കിഴക്കന്‍ ഉക്രൈനില്‍ നിന്നാണ് വിമാനത്തിന് നേരെ മിസൈലാക്രമണമുണ്ടായതെന്ന് അന്വേഷണ സംഘത്തലവന്‍ വില്‍ബര്‍ട്ട് പോളിസണ്‍ പറയുന്നു.

റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് നിന്നാണ് മിസൈല്‍ വിക്ഷേപിച്ചതെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യന്‍ വിമതര്‍ പ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് പിന്നാലെയാണ് അപകടം നടന്നത്. വിമാനം തകര്‍ന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അന്വേഷണം പൂര്‍ത്തിയായി വിവരങ്ങള്‍ പുറത്ത് വിടുന്നത്. 2014 ജൂലായ് 17 നാണ് മലേഷ്യന്‍ വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍ വിമാനത്തിലെ എല്ലാവരും കൊല്ലപ്പെട്ടു.

മിസൈലാക്രമണത്തേ തുടര്‍ന്നാണ് വിമാനം തകര്‍ന്നത് എന്ന് നേരത്തെ തന്നെ തെളിഞ്ഞിരുന്നു. എന്നാല്‍ രാജ്യാന്തര അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റഷ്യ തള്ളിക്കളഞ്ഞു. മിസൈല്‍ തങ്ങളുടെ ഭാഗത്തുനിന്നല്ല വിക്ഷേപിക്കപ്പെട്ടത് എന്ന് തങ്ങളുടെ പക്കലുള്ള റഡാര്‍ ഡേറ്റകളില്‍ നിന്ന് തെളിയുന്നതെന്നും എന്നാല്‍ ഇക്കാര്യം ഉന്നയിക്കപ്പെടുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ ഉണ്ടായിട്ടില്ലെന്നും റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

വിമാനയാത്രക്കാരുടെ ശരീരത്തില്‍ നിന്ന ശേഖരിച്ച സാമ്പിളുകള്‍, വിമാനജീവനക്കാരുടെ ലഗേജുകള്‍, ഉപഗ്രഹങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍, വാര്‍ത്താവിനിമയ ഉപകരണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ എന്നിവ വിശകലനം ചെയ്താണ് റഷ്യയ്‌ക്കെതിരായ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മാത്രമല്ല മിസൈല്‍ വിക്ഷേപിച്ചത് കണ്ട ദൃക്‌സാക്ഷികളില്‍ നിന്നുള്ള മൊഴികളും അന്വേഷണത്തില്‍ നിര്‍ണായകമായി.

Top