എം ജിയുടെ അടുത്ത ഇ വി 2023 ല്‍ ഇന്ത്യൻ വിപണിയിലേക്ക്‌!

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക്ക് വാഹനം 2023 ഓടെ എത്തുമെന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള വൈദ്യുത വാഹനം (ഇ വി) വില്‍പനയ്‌ക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ് എം ജി മോട്ടോര്‍ ഇന്ത്യ എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ എം ജിയുടെ ഇന്ത്യയിലെ മോഡല്‍ ശ്രേണിയില്‍ ഇലക്ട്രിക്ക് എസ് യു വിയായ സെഡ്എസ് ആണ് ഉള്ളത്. 21 ലക്ഷം രൂപ മുതല്‍ 24.18 ലക്ഷം രൂപ വരെയാണ് സെഡ് എസ് ഇ വിയുടെ ഷോറൂം വില.

എസ് യു വികളായ ഹെക്ടര്‍, ഗ്ലോസ്റ്റര്‍ എന്നിവയും വില്‍ക്കുന്ന എം ജി മോട്ടോര്‍, സെഡ് എസ് ഇ വിയുടെ 3,000 യൂണിറ്റാണ് ഇതുവരെ വിറ്റത്. ‘ഇതുവരെയുള്ള വൈദ്യുത വാഹന വില്‍പനയുടെ പ്രകടനം സന്തോഷകരമാണെന്ന് എം ജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ രാജീവ് ഛാബ വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ കൂടുതല്‍ വൈദ്യുത മോഡലുകള്‍ വില്‍പ്പനയ്‌ക്കെത്തിക്കാനും ഈ വിഭാഗത്തിലെ രണ്ടാമത് മോഡലായി 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഇ വിയാണു പരിഗണിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ രണ്ടാമത്തെ വാഹനമായ ഇസഡ്എസ് ഇലക്ട്രിക്കിനെ 2020 ജനുവരിയിലാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‌സിന്റെ കീഴിലുള്ള മോറിസ് ഗാരേജ് വിപണിയില്‍ അവതരിപ്പിച്ചത്. 44.5 കിലോവാട്ട് ‘ഹൈടെക്’ ബാറ്ററി പായ്ക്കാണ് 2021 എംജി ZS ഇവിയുടെ മുഖ്യ ആകര്‍ഷണം . ഈ ബാറ്ററി പാക്ക് 2021 മോഡലിന്റെ റേഞ്ച് 419 കിലോമീറ്ററായി ഉയര്‍ത്തിയിട്ടുണ്ട് എന്നും എംജി മോട്ടോര്‍ അവകാശപ്പെടുന്നു.എന്നാല്‍, 44.5 കിലോവാട്ട് തന്നെ കപ്പാസിറ്റിയുള്ള ഇതുവരെ വില്പനയിലുണ്ടായിരുന്ന എംജി ZS ഇവിയുടെ റേഞ്ച് 340 കിലോമീറ്റര്‍ ആയിരുന്നു. ”മിക്ക സാഹചര്യങ്ങളിലും” ഒരു ചാര്‍ജില്‍ 300-400 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള പ്രായോഗിക പരിധിയാണ് പുത്തന്‍ ബാറ്ററി പാക്ക് നല്‍കുന്നത്.

ഇസഡ് എക്സ് എസ്‌യുവിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഇലക്ട്രിക് എസ്‌യുവിയാണ് ഇസഡ്എസ്. ഇന്ത്യയിലെത്തുന്ന ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് ഇന്റര്‍നെറ്റ് എസ്‌യുവിയായ ഇസഡ്എസ് എംജിയുടെ ഗുജറാത്തിലെ ഹലോള്‍ പ്ലാന്റിലാണ് അസംബിള്‍ ചെയ്യുന്നത്.

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‌സിന്റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡല്‍ ഹെക്ടര്‍ എസ്‌യുവി ആണ്. രാജ്യത്തെ നിരത്തുകളില്‍ ജൈത്രയാത്ര തുടരുകയാണ് വാഹനം. 2019 ജൂണ്‍ 27നാണ് ഹെക്ടറുമായി എംജി ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്.

 

Top