തോമാശ്ലീഹ കേരളത്തില്‍ വന്നിട്ടില്ല; സഭയെ തള്ളി ചരിത്രകാരന്‍ എംജിഎസ് നാരായണന്‍

കോഴിക്കോട്: വിശുദ്ധ തോമാശ്ലീഹ കേരളത്തില്‍ വന്നുവെന്ന സിറോ മലബാര്‍ സഭയുടെ നിലപാട് തള്ളി ചരിത്രകാരന്‍ എംജിഎസ് നാരായണന്‍. തോമാശ്ലീഹ കേരളത്തിലെത്തി എന്നുപറയുന്ന കാലത്ത് കേരളത്തില്‍ ബ്രാഹ്മണര്‍ പോയിട്ട് ജനവാസം പോലുമില്ലെന്ന് അദ്ദേഹം പറയുന്നു.

തോമാശ്ലീഹാ കേരളത്തില്‍ വന്നില്ലെന്ന ഫാദര്‍ പോള്‍ തേലക്കാടിന്റെ പ്രസ്താവനയെ തള്ളി സഭ രംഗത്തുവന്നിരുന്നു. തോമാശ്ലീഹാ കേരളത്തില്‍ വന്നതിന് തെളിവുണ്ടെന്നായിരുന്നു സഭ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് എംജിഎസിന്റെ തിരുത്ത്.

ചരിത്രത്തെ സ്വന്തം ഇഷ്ടപ്രകാരം വളച്ചൊടിക്കുന്നത് പതിവാണ്. സെന്റ് തോമസ് കേരളത്തില്‍ വന്നിരുന്നുവെന്നതിന് യാതൊരു തെളിവുമില്ല. ഇവിടെ വന്നിട്ട് എന്ത് ചെയ്യാന്‍ ഇവിടെ കാട് മാത്രമേയുള്ളൂ, അപ്പോള്‍ പിന്നെ എന്തിനാണ് വരുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

മൗര്യന്‍ കാലത്തിന്റെ അവസാനകാലത്ത് മാത്രമെ ഇവിടെ ജനവാസമുള്ളൂ എന്നാണ് എംജിഎസ് പറയുന്നത്. സഭ സ്വന്ത ഇഷ്ടപ്രകാരം ഉണ്ടാക്കിയ കഥയാണ് സെന്റ് തോമസിന്റെ കേരള സന്ദര്‍ശനം. മതങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ചരിത്രത്തെ വളച്ചൊടിക്കുന്നത് എക്കാലവുമുണ്ടെന്നും എംജിഎസ് പറഞ്ഞു.

Top