പ്രതിമാസ വാടക നിരക്കിൽ ഇസഡ്എസ് ഇലക്ട്രിക്ക് കാർ സ്വന്തമാക്കാം

2020 ജനുവരിയിൽ വിപണിയില്‍ എത്തിയ ഇന്ത്യയിലെ രണ്ടാമത്തെ വാഹനമായ ഇസഡ്എസ് ഇലക്ട്രിക്ക് കാർ പ്രതിമാസ വാടക നിരക്കിൽ ലഭ്യമാക്കാനൊരുങ്ങി എം ജി മോട്ടോഴ്‍സ്. സൂംകാറുമായും ഒറിക്സുമായും സഹകരിച്ചാണ് എം ജി ഈ സബ്സ്ക്രൈബ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. മുംബൈയിൽ പ്രതിമാസം 49,999 രൂപയാണു ഈ കാറിന്‍റെ വാടക. എം ജി സബ്സ്ക്രൈബിന്റെ കീഴിലുള്ള ഈ സേവനത്തിന് പ്രാരംഭകാല ആനുകൂല്യമെന്ന നിലയിലാണ് ഈ നിരക്കെന്നും കമ്പനി വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ, വൈകാതെ സെഡ് എസിന്റെ മാസവാടക നിരക്കുകൾ ഉയരുമെന്നാണു സൂചന. മൂന്നു വർഷ കാലാവധിയുള്ള സബ്സ്ക്രൈബ് പദ്ധതി പ്രകാരമാണ് സെഡ് എസ് 49,999 രൂപ പ്രതിമാസ വാടകയ്ക്ക് മുംബൈയിൽ ലഭിക്കുകയെന്നും എം ജി വ്യക്തമാക്കുന്നു. ഇതിനു പുറമെ 12, 24, 18, 30 മാസത്തവണകൾ വീതം അടച്ചും സെഡ് എസ് സ്വന്തമാക്കാൻ അവസരമുണ്ട്.

ആദ്യ ഘട്ടത്തിൽ മുംബൈയ്ക്കു പുറമെ പുണെ, ഡൽഹി രാജ്യതലസ്ഥാന മേഖല(എൻ സി ആർ), ബെംഗളൂരു എന്നിവിടങ്ങളിലും സബ്സ്ക്രൈബ് പദ്ധതി ലഭ്യമാണ്. രണ്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. എക്സൈറ്റിന് 20.88 ലക്ഷം രൂപയും എക്സ്‌ക്ലൂസീവിന് 23.58 ലക്ഷം രൂപയുമാണ് വില. 4314 എംഎം നീളവും 1809 എംഎം വീതിയും 1620 എംഎം ഉയരവും 2579 എംഎം വീല്‍ബേസുമാണ് ഈ വാഹനത്തിലുള്ളത്. ZS ഇലക്ട്രികിന് കരുത്തേകുന്നത് 44.5 കിലോവാട്ട് ലിക്വിഡ് കൂള്‍ ബാറ്ററി പാക്കാണ്. ഇത് 143 ബിഎച്ച്പി പവറും 353 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 8.5 സെക്കന്റ് മതി.

ഈ വാഹനത്തിന്റെ പരമാവധി വേഗത 155 കിലോമീറ്ററാണ്. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാർജ് ചെയ്യാം. സ്റ്റാന്‍ഡേര്‍ഡ് ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മുതല്‍ എട്ടു മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയും. എം‌ജി ZS ഇലക്ട്രിക് വാഹനത്തിൽ ബ്രാൻഡിന്റെ സിഗ്‌നേച്ചർ ഒമേഗ ആകൃതിയിലുള്ള എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ, ക്രോം ഘടകങ്ങൾ പതിപ്പിച്ച കോൺകേവ് ഗ്രില്ല്, ചാർജിംഗ് പോർട്ടുകൾ വെളിപ്പെടുത്തുന്നതിന് മുകളിലേക്ക് സ്ലൈഡുചെയ്യുന്ന കമ്പനി ലോഗോ, 17 ഇഞ്ച് മെഷീൻ കട്ട് അലോയി വീലുകൾ എന്നിവ ഉൾപ്പെടുന്നു.ഇസഡ് എക്‌സ് എസ്‍യുവിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഇലക്ട്രിക് എസ്‍യുവിയാണ് ഇസഡ്എസ്.

ഇന്ത്യയിലെത്തുന്ന ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് ഇന്റര്‍നെറ്റ് എസ്‍യുവിയായ ഇസഡ്എസ് എംജിയുടെ ഗുജറാത്തിലെ ഹലോള്‍ പ്ലാന്റിലാണ് അസംബിള്‍ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം ചൈനീസ് മോട്ടോര്‍ഷോയില്‍ വാഹനം അവതരിപ്പിച്ചിരുന്നു. ബ്രിട്ടണില്‍ ഇ ഇസഡ്എസ് വില്‍പ്പനയിലുണ്ട്.സ്റ്റൈലിന് ഏറെ പ്രധാന്യം നല്‍കുന്ന ഇന്റീരിയറാണ് വാഹനത്തില്‍. കറുപ്പാണ് ഇന്റീരിയറിന്റെ നിറം. സ്വിച്ചുകളുടെ ആധിക്യമില്ലാത്ത കോക്പിറ്റ് സെന്റര്‍ കണ്‍സോളാണ്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഗിയര്‍ ചെയ്ഞ്ചിങ്ങ് നോബ് എന്നിവയാണ് എന്നിവ സെന്റര്‍ കണ്‍സോളിന്റെ ഭാഗമാകും.ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ ആറ് നഗരങ്ങളില്‍ മാത്രമാണ് എംജി ZS ഇലക്ട്രിക് എത്തിച്ചിരുന്നത്. എന്നാല്‍, വിപണി വിപുലമാക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ ഉള്‍പ്പെടെ 21 നഗരങ്ങളിലേക്ക് കൂടി ഈ വാഹനത്തിന്റെ നെറ്റ്‌വര്‍ക്ക് വികസിപ്പിച്ചിട്ടുണ്ട്.

Top