എംജി ഇലക്ട്രിക് എസ്യുവിയായ ഇസഡ് എസ്‌ പുതിയ ആറ് നഗരങ്ങളിലേക്ക് കൂടി

എംജി മോട്ടോഴ്‌സിന്റെ ഇലക്ട്രിക് എസ്യുവിയായ ഇസഡ് എസിനെ പുതിയ ആറ് നഗരങ്ങളിലേക്ക് കൂടി നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കാനൊരുങ്ങി നിര്‍മാതാക്കള്‍.

കൊച്ചി, ചെന്നൈ, പൂണെ, സൂറത്ത്, ചണ്ഡിഖഡ്, ജയ്പൂര്‍ എന്നിവിടങ്ങളിലാണ് എംജി ഇസഡ് എസ് ഇലക്ട്രിക് പുതുതായി വില്‍പ്പന ആരംഭിക്കാനൊരുങ്ങുന്നത്. ഈ വാഹനത്തിന്റെ സര്‍വ്വീസ് സംബന്ധിച്ച പരിശീലനം ലഭിച്ച ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവും പരിമിതമായ ഉത്പാദനത്തെയും തുടര്‍ന്നാണ് മുമ്പ് അഞ്ച് നഗരങ്ങളില്‍ മാത്രമായി വില്‍പ്പന പരിമിതപ്പെടുത്തിയിരുന്നത്. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് ഈ വാഹനം ആദ്യഘട്ടത്തിലെത്തിയത്.

ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് ഇലക്ട്രിക് എസ്യുവി എന്ന പേര് നേടിയ എംജി ഇസഡ് എസ് ഇലക്ട്രിക്കിന് 19.88 ലക്ഷം രൂപ മുതല്‍ 22.58 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. 44.5 കിലോവാട്ട് ലിക്വിഡ് കൂള്‍ ബാറ്ററി പാക്കാണ് ഇസഡ് എസ് ഇലക്ട്രികിന് കരുത്തേകുന്നത്. ഇത് 143 ബിഎച്ച്പി പവറും 353 എന്‍എം ടോര്‍ക്കുമേകും. സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 340 കിലോമീറ്റര്‍ സഞ്ചരിക്കാം. 8.5 സെക്കന്റുകൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 155 കിലോമീറ്ററാണ്. 4314 എംഎം നീളവും 1809 എംഎം വീതിയും 1620 എംഎം ഉയരവും 2579 എംഎം വീല്‍ബേസുമാണ് ഈ വാഹനത്തിലുള്ളത്.

ക്രോം സ്റ്റഡുകളുള്ള ബ്ലാക്ക് ഫിനീഷിങ്ങ് ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്പ്, സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കിയിട്ടുള്ള ഡ്യുവല്‍ ടോണ്‍ ബംമ്പര്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ്. 17 ഇഞ്ച് അലോയി വീല് എന്നിവയാണ് എംജി ഇസഡ് എസ് ഇലക്ട്രിക്കിന്റെ എക്സ്റ്റീരിയറിനെ അലങ്കരിക്കുന്നത്.

20.32 സെന്റീമീറ്റര്‍ വലിപ്പമുള്ള ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റം, ഐസ്മാര്‍ട്ട് ഇവി 2.0 കണക്ടഡ് കാര്‍ ഫീച്ചറുകള്‍, ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്ങ്, ലെതര്‍ സീറ്റ്, സ്പ്ലിറ്റ് റിയര്‍ സീറ്റ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പറുകള്‍, അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, സ്റ്റാര്‍ട്ട്‌സ്റ്റോപ്പ് ബട്ടണ്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്, എയര്‍ ഫില്‍ട്ടര്‍, പനോരമിക് സ്‌കൈ റൂഫ് എന്നിവയാണ് ഈ എസ്യുവിയിലെ മറ്റ് ഫീച്ചറുകള്‍.

Top