ഇ ഇസഡ്എസ് ഇലക്ട്രിക്ക് ഇന്ത്യയിലേക്ക്; 428 കിലോമീറ്റര്‍ മൈലേജ്

മോറിസ് ഗാരേജിന്റെ രണ്ടാമത്തെ വാഹനം ഇ ഇസഡ്എസ് ഇലക്ട്രിക്ക് ഇന്ത്യയിലേക്ക് എത്താനൊരുങ്ങുകയാണ്. ഡിസംബര്‍ 5-ന് ഈ വാഹനം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

19.60 ലക്ഷം രൂപയ്ക്കാണ് വാഹനം ബ്രിട്ടണില്‍ വില്‍പ്പനയ്ക്കെത്തിച്ചത്. അടുത്ത വര്‍ഷമാണ് വാഹനം കമ്പനി വിപണിയിലെത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഒറ്റ ചാര്‍ജില്‍ 335 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനുള്ള കരുത്ത് വാഹനത്തിനുണ്ട്. 60 കിലോമീറ്റര്‍ വേഗ പരിധിയില്‍ സഞ്ചരിച്ചാല്‍ 428 കിലോമീറ്റര്‍ വരെ ചാര്‍ജ് നില്‍ക്കുമെന്നാണ് കമ്പനി പറയുന്നത്.

44.5 കിലോവാട്ട് ബാറ്ററിയാണ് വാഹനത്തിന്റെ ഹൃദയം. 150 എച്ച്പി കരുത്താണ് ഇതുല്‍പ്പാദിപ്പിക്കുക. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.2 സെക്കന്റുകള്‍ മാത്രം മതി.

അതിവേഗ ബാറ്ററി ചാര്‍ജിങ് സാധ്യമാക്കുന്ന റാപിഡ് ചാര്‍ജിങ് സാങ്കേതിക വിദ്യയ്ക്കൊപ്പം അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ്, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിങ്, ലെയ്ന്‍ കീപ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയ ഉള്‍പ്പെട്ട എംജി പൈലറ്റ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സ്യൂട്ടും വാഹനത്തെ വേറിട്ടതാക്കുന്നതായിരിക്കും.

Top