വിദ്യാര്‍ത്ഥിനിയുടെ മരണം: എംജി സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു

കോട്ടയം: പാലാ ചേര്‍പ്പുങ്കലില്‍ പരീക്ഷാ ഹാളില്‍നിന്നിറങ്ങിയ അഞ്ജു ഷാജി എന്ന വിദ്യാര്‍ഥിനിയെ മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എംജി സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. വൈസ് ചാന്‍സിലറാണ് അന്വേഷണം പ്രഖ്യാപിച്ചത്. മൂന്നംഗ സമിതി സംഭവം അന്വേഷിക്കും.

പരീക്ഷക്കിടെ കോപ്പിയടിച്ചെന്ന ആരോപണത്തിന് പിന്നാലെ കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ജു ഷാജിയുടെ മൃതദേഹം ഇന്നലെയാണ് മീനച്ചിലാറില്‍ നിന്നും കണ്ടെത്തിയത്.

വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ കോളേജിനെതിരെ ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ഇന്നലെ പ്രദര്‍ശിപ്പിച്ച വീഡിയോ ദൃശ്യത്തില്‍ ക്രമക്കേട് നടത്തി, അഞ്ജുവിനെ കാണാഞ്ഞ് അന്വേഷിച്ച് ചെന്നപ്പോള്‍ പ്രിന്‍സിപ്പല്‍ മോശമായി സംസാരിച്ചെന്നും കുടുംബം ആരോപിക്കുന്നു.

ഹാള്‍ടിക്കറ്റിന് പുറക് വശത്തെ കയ്യക്ഷരം അഞ്ജുവിന്റേതല്ലെന്നും കുടുംബം ആരോപിച്ചു.

Top