അധ്യാപക നിയമനത്തിലും ക്രമക്കേട്; ഉദ്യോഗാര്‍ത്ഥികളെ ഹിയറിംഗിന് വിളിച്ച് ഗവര്‍ണ്ണര്‍

കോട്ടയം: സര്‍വ്വകലാശാല നിയമങ്ങള്‍ അധ്യാപക നിയമനത്തിലും വൈസ് ചാന്‍സിലര്‍ ലംഘിച്ചു. ഇന്റര്‍വ്യൂ ബോര്‍ഡില്‍ നിര്‍ബ്ബന്ധമായും വേണ്ട വൈസ് ചാന്‍സിലര്‍ പല തവണ ലംഘിച്ച് പകരം പ്രോവൈസ് ചാന്‍സിലര്‍ അഭിമുഖം നടത്തി.

ഗാന്ധിയന്‍ സ്റ്റഡീസിലെ അധ്യാപക നിയമനത്തിലാണ് വിസിയുടെ അഭാവത്തില്‍ ക്രമക്കേട് നടന്നത്. തുടര്‍ന്ന് ഇത് സംബന്ധിച്ച പരാതി ഗവര്‍ണ്ണര്‍ക്ക് ലഭിച്ചു. പരാതിയിന്‍മേല്‍ ഗവര്‍ണ്ണര്‍ ഉദ്യോഗാര്‍ത്ഥികളെ ഹിയറിംഗിന് വിളിച്ചിരിക്കുകയാണ്.

സെപ്റ്റംബര്‍ അവസാന വാരമാണ് ഗാന്ധിയന്‍ സ്റ്റഡീസിലെ അധ്യാപക നിയമനത്തിന്റെ അഭിമുഖം നടന്നത്. പൊതുവിഭാഗത്തില്‍ ഒന്നും സംവരണ വിഭാഗത്തിലേക്ക് രണ്ടും ഒഴിവുകളാണുണ്ടായിരുന്നത്. അതില്‍ 275 ഉദ്യോഗാര്‍ത്ഥികളാണ് അപേക്ഷിച്ചത്.മൂന്ന് ദിവസം നടത്തിയ അഭിമുഖത്തില്‍ സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ പങ്കെടുത്തില്ല. പകരം പ്രോവൈസ്ചാന്‍സിലറാണ് അഭിമുഖം നടത്തിയത്.

എന്നാല്‍ അഭിമുഖത്തിലൂടെ നിയമനം ലഭിച്ച മൂന്ന് പേര്‍ക്കും ഗാന്ധിയന്‍ സ്റ്റഡീസിലോ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലോ പിജി ഇല്ല. പിഎച്ച്ഡിയും ഗൈഡ്ഷിപ്പും പത്ത് വര്‍ഷം അധ്യാപന പരിചയവുമുള്ളവര്‍ അഭിമുഖത്തില്‍ പരാജയപ്പെട്ടു. ഇക്കഴിഞ്ഞ മെയ് 28 നാണ് ഡോ. സാബു തോമസ് എംജിയില്‍ വൈസ്ചാന്‍സിലറായി ചുമതലയേറ്റത്.

Top