അധ്യാപകനെ പുറത്താക്കും വരെ സമരമെന്ന് എംജി യൂണിവേഴ്‌സിറ്റിയിലെ ഗവേഷക

കോട്ടയം: എംജി സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനി ദീപ പി മോഹനന്റെ നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. നാനോ സയന്‍സസ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോക്ടര്‍ നന്ദകുമാര്‍ കളരിക്കലിനെ മാറ്റി നിര്‍ത്തിയാല്‍ പോര, പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥിനി.

ദീപ പി മോഹനന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു ഇന്നലെ ഉറപ്പുനല്‍കിയിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതി സര്‍വകലാശാല എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്നും, ആരോപണവിധേയനായ അദ്ധ്യാപകനെ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തി അന്വേഷിക്കാന്‍ സര്‍വകലാശാലയ്ക്കുള്ള തടസമെന്താണെന്ന് ആരാഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.

വിസിയും നന്ദകുമാറും ചട്ടം ലംഘിച്ച് പ്രവര്‍ത്തിച്ചതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നും, പുറത്തുവിടുമെന്നും വിദ്യാര്‍ത്ഥിനി അറിയിച്ചു. സംഭവത്തില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ശനിയാഴ്ച രാത്രി ആര്‍ എം പി നേതാവ് കെകെ രമ സമരപ്പന്തലിലെത്തി വിദ്യാര്‍ത്ഥിനിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിഷയം നിയമസഭയില്‍ സബ്മിഷനായി അവതരിപ്പിക്കുമെന്നും രമ പറഞ്ഞു.

Top