mg university-pampady nehru college-issue

കോട്ടയം: പാമ്പാടി നെഹ്‌റു കോളേജിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് കോപ്പിയടിച്ചെന്ന വാദം പൊളിയുന്നു. ജിഷ്ണു കോപ്പിയടിച്ചതിനെ സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചിരുന്നില്ലെന്ന് എംജി സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഡോ. ഷാബു പറഞ്ഞു.

കോപ്പിയടി പിടിച്ച വിഷമത്തിലാണ് നാദാപുരം വളയം സ്വദേശിയായ ജിഷ്ണു പ്രണോയ ജീവനൊടുക്കിയതെന്ന കോളേജ് അധികൃതരുടെ വാദത്തെ ജിഷ്ണുവിന്റെ കുടുംബാംഗങ്ങളും തള്ളിയിരുന്നു.

കോപ്പിയടിച്ചാല്‍ പരീക്ഷയുടെ അന്നേദിവസം തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് സര്‍വകലാശാല നിയമം. എന്നാല്‍ കോളേജ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ കഴിഞ്ഞദിവസം കോപ്പിയടിച്ച വിദ്യാര്‍ഥികളെ കുറിച്ച് കോളേജ് റിപ്പോര്‍ട്ട് ചെയ്തുവെന്നും അന്വേഷണത്തിനായി പാമ്പാടി കോളജില്‍ എത്തിയ ഡോ.ഷാബു പറഞ്ഞു.

കോളേജിനെതിരെ വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പരാതികള്‍ അക്കാഡമിക്ക് അഫിലിയേഷന്‍ പരിശോധിക്കുന്ന സമയം അന്വേഷിക്കുമെന്നും പരീക്ഷ കണ്‍ട്രോളര്‍ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ജിഷ്ണുവിനെ കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കോളേജിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.

Top