ചെന്നിത്തലയുടെ ആരോപണം വെറും പൊയ് വെടി; മറുപടിയുമായി മന്ത്രി കെ.ടി.ജലീല്‍

തിരുവന്തപുരം: രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെ.ടി.ജലീല്‍. എം.ജി. സര്‍വകലാശാലയില്‍ മാര്‍ക്ക് ദാനം നടത്തിയെന്ന ചെന്നിത്തലയുടെ ആരോപണം വെറും പൊയ് വെടിയാണെന്നും അദ്ദേഹം ഇതിനുമുന്‍പും ഇത്തരം പൊയ് വെടികള്‍ പൊട്ടിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അദാലത്തില്‍ പ്രൈവറ്റ് സെക്രട്ടറിയും പങ്കെടുത്തിട്ടുണ്ട്. സഹായങ്ങള്‍ക്ക് പ്രൈവറ്റ് സെക്രട്ടറിയും ആവശ്യമാണ്. എന്നാല്‍ പ്രൈവറ്റ് സെക്രട്ടറിയും അദാലത്തില്‍ ഒരു നിര്‍ദേശവും തീരുമാനവും എടുത്തിട്ടില്ല. പ്രൈവറ്റ് സെക്രട്ടറി മാത്രമാണ് അദാലത്തില്‍ പങ്കെടുത്തതെന്ന ആരോപണവും തെറ്റാണ്. അദാലത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പങ്കെടുത്തിട്ടുണ്ടെന്നും തെളിവുണ്ടെന്ന് പറയുന്ന പ്രതിപക്ഷ നേതാവ് ആ വീഡിയോ പുറത്തുവിടട്ടെയെന്നും അദ്ദേഹം പറഞ്ഞു.

എം.ജി.സര്‍വകലാശാലയില്‍ മോഡറേഷന് പുറമേ അഞ്ചുമാര്‍ക്ക് കൂടി നല്‍കാനുള്ള തീരുമാനം സിന്‍ഡിക്കേറ്റ് സ്വീകരിച്ചതാണ്. അതുസംബന്ധിച്ച് വൈസ് ചാന്‍സലറോട് ചോദിക്കണം. ഓരോ സര്‍വകലാശാലയിലും സിന്‍ഡിക്കേറ്റുകളാണ് തീരുമാനങ്ങളെടുക്കുന്നത്. അതില്‍ എതിര്‍പ്പുള്ളവര്‍ക്ക് കോടതിയില്‍ പോകാം. ഇക്കാര്യത്തില്‍ തന്റെ ഭാഗത്തുനിന്ന് ഒരു സമ്മര്‍ദവുമില്ലെന്നും മന്ത്രി പ്രതികരിച്ചു.

കേരള സാങ്കേതിക സര്‍വകലാശാലയില്‍ അര്‍ഹതപ്പെട്ട കുട്ടിക്ക് ന്യായമായ മാര്‍ക്കാണ് നല്‍കിയത്. അര്‍ഹതപ്പെട്ടവര്‍ക്ക് ഈ സര്‍ക്കാര്‍ എല്ലാം നല്‍കും. അദാലത്തില്‍ ഒരു തീരുമാനവും സ്വീകരിക്കില്ല. അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരാം. ശ്രീഹരി എന്ന വിദ്യാര്‍ഥി ഉത്തരപേപ്പറിന്റെ ഫേട്ടോസ്റ്റാറ്റ് കോപ്പിയുമായി വന്നു. അത് പരിശോധിച്ചപ്പോള്‍ ആ കുട്ടിക്ക് ജയിക്കാനുള്ള മാര്‍ക്ക് കിട്ടുമെന്നായിരുന്നു അധ്യാപകരുടെ നിരീക്ഷണം. ഇക്കാര്യം വൈസ് ചാന്‍സലര്‍ പരിശോധിച്ചു. മൂന്നാമതും മൂല്യനിര്‍ണയം നടത്തി ശ്രീഹരി പാസായി. അതിനാല്‍ നമുക്ക് മിടുക്കനായ എന്‍ജിനീയറെ കിട്ടി.

വെറുതെ പൊയ് വെടികള്‍ വെച്ച് സര്‍ക്കാരിനെ തളര്‍ത്താന്‍ നോക്കേണ്ട. എം.ജി. സര്‍വകലാശാലയുടെ തീരുമാനത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സര്‍വകലാശാലയ്ക്കും സിന്‍ഡിക്കേറ്റിനുമാണ്. താനൊരു അധ്യാപകന്‍ കൂടിയായതിനാല്‍ ന്യായമായ കാര്യങ്ങളെ ചെയ്യൂവെന്നും കെ.ടി.ജലീല്‍ പറഞ്ഞു.

തനിക്കെതിരെ മുമ്പും ചെന്നിത്തല ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ബന്ധുനിയമനം നടത്തിയെന്ന ആരോപണം ഹൈക്കോടതി വരെ തള്ളി. പിന്നീട് മലയാളം സര്‍വകലാശാലയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. അതും തള്ളിപ്പോയി. ഇപ്പോള്‍ സുപ്രീംകോടതിയുടെ അനുമതിയോടെയാണ് ഭൂമി ഏറ്റെടുക്കല്‍ നടക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും കെ.ടി.ജലീല്‍ വ്യക്തമാക്കി.

Top