എംജി സര്‍വകലാശാല സര്‍ട്ടിഫിക്കറ്റ് വിവാദം; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

 

 

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാതായതുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്ക് സസ്പെന്‍ഷന്‍. ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ മുന്‍ സെക്ഷന്‍ ഓഫീസറെയും നിലവിലെ സെക്ഷന്‍ ഓഫീസറെയുമാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. ജോയിന്റ് രജിസ്ട്രാര്‍ തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്വത്തില്‍ വിശദമായ അന്വേഷണം നടത്തും. സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റ് കാണാതായ സെക്ഷനിലെ എല്ലാ ജീവനക്കാരെയും അന്വേഷണ കാലയളവില്‍ മറ്റു സെക്ഷനുകളിലേക്ക് മാറ്റും.

വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.എം. ശ്രീജിത്ത് വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ. സി.ടി. അരവിന്ദകുമാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 54 ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ ഹോളോഗ്രാം പതിക്കാത്ത ഫോര്‍മാറ്റുകളാണ് നഷ്ടമായത്.

കാണാതായ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ വീണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അടിയന്തരമായി പൊലീസില്‍ പരാതി നല്‍കും. കാണാതായ 54 സര്‍ട്ടിഫിക്കറ്റുകളും അസാധുവാക്കി ഇവയുടെ സീരിയല്‍ നമ്പരുകള്‍ പ്രസിദ്ധീകരിക്കും. ഈ വിഷയത്തില്‍ സര്‍വകലാശാല ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് രജിസ്ട്രാര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിക്കുമെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു.

 

 

Top