പുതിയ എസ്‌യുവി അവതരിപ്പിക്കാനൊരുങ്ങി എംജി മോട്ടോഴ്‌സ്

പുതിയ കോംപാക്ട് എസ്‌യുവി അവതരിപ്പിക്കാനൊരുങ്ങി ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‌സ്. എംജി വണ്‍ എന്ന ഈ മോഡലിന്റെ ആഗോള അവതരണം 2021 ജൂലൈ 30 ന് നടക്കുമെന്ന് എം ജി മോട്ടോഴ്സ് അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

മോഡുലാര്‍ പ്ലാറ്റ്ഫോമായ സിഗ്മ ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് വാഹനം ഒരുക്കിയിരിക്കുന്നത്. 4,579 എം എം നീളം, 1,866 എം എം വീതി, 1,609 എം എം ഉയരം, 2,670 എം എം വീല്‍ബേസ് എന്നിവയാണുള്ളത്. ഹെക്ടര്‍ എസ്യുവിയിലെ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാകും വാഹനത്തിന്റെ ഹൃദയം. ഈ എഞ്ചിന്‍ 178 ബി എച്ച്പി കരുത്തില്‍ പരമാവധി 250-260 എന്‍എം ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കും. തിരഞ്ഞെടുത്ത വിപണികള്‍ക്കായി ഒരു ഓയില്‍-ബര്‍ണര്‍ ഓപ്ഷനും ഉണ്ടായിരിക്കാം. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമുണ്ട്.

ചിപ്പ് ടെക്, ആക്റ്റീവ് ഡിജിറ്റല്‍ ഇക്കോ സിസ്റ്റം, അഡ്വാന്‍സ്ഡ് ഇലക്ട്രിക് ആര്‍ക്കിടെക്ചര്‍, ഹാര്‍ഡ്കോര്‍ സോഫ്റ്റ് വെയര്‍ ടെക്‌നോളജി തുടങ്ങിയ സാങ്കേതികവിദ്യകള്‍ വാഹനത്തില്‍ ഉണ്ടാകും. ഒപ്പം പുത്തന്‍ കളര്‍ ഓപ്ഷനുകളും ത്രിമാന ഇഫക്റ്റ് ഉള്ള വിശാലമായ, സ്‌പോര്‍ട്ടി ഗ്രില്ലും വാഹനത്തിന്റെ പ്രത്യേകതകളാണ്. വലുപ്പമുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പവേര്‍ഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജിങ്, പനോരമിക് സണ്‍റൂഫ് എന്നിവയും വാഹനത്തില്‍ ഉണ്ടാകും.

കാറിന്റെ മുന്‍വശത്ത് വിശാലമായ ഗ്രില്‍, എല്‍ഇഡി ഇന്‍സേര്‍ട്ടുകളുള്ള ആംഗുലര്‍ ഹെഡ്ലാമ്പുകള്‍, ഷാര്‍പ്പ് ബമ്പര്‍ എന്നിവയുമുണ്ട്. എസ് യു വിക്ക് അഞ്ച് സ്പോക്ക് അലോയ് വീലുകള്‍, കൂപ്പെ പോലുള്ള സ്‌റ്റൈലിംഗ് സവിശേഷതകള്‍, സ്ലിം എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ബൂട്ട് ലിഡില്‍ ശക്തമായ ക്രീസുകള്‍, ഉയര്‍ന്ന മൗണ്ട് ചെയ്ത സ്റ്റോപ്പ് ലാമ്പ് എന്നിവയുണ്ട്. ഫോക്‌സ് എക്സ്ഹോസ്റ്റ് വെന്റുകളുള്ള ഡ്യുവല്‍-ടോണ്‍ ബമ്പറും എംജി വണ്ണിനെ ആകര്‍ഷകമാക്കും. അതേസമയം കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ആസ്റ്റര്‍ എന്ന മോഡലിന് സമാനമായിരിക്കും ഈ മോഡലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

2020 ജനുവരിയിലാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‌സിന്റെ കീഴിലുള്ള മോറിസ് ഗാരേജ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ വാഹനമായ ഇസഡ്എസ് ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിച്ചത്. ഈ മോഡലിന്റെ പെട്രോള്‍ എന്‍ജിന്‍ പതിപ്പാണ് ആസ്റ്റര്‍ എന്ന പേരില്‍ എത്തുക. നേരത്തെ നിരവധി തവണ ഈ വാഹനത്തിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് എസ്‌യുവി, ആദ്യത്തെ ലെവല്‍ വണ്‍ ഓട്ടോണമസ് വെഹിക്കിള്‍ തുടങ്ങി വാഹനലോകത്തെ പല പുത്തന്‍ സാങ്കേതികവിദ്യകളുടെയും ഉപജ്ഞേതാക്കളാണ് എം ജി മോട്ടോഴ്സ്. കേന്ദ്രസര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി 2019ല്‍ കമ്പനി ഇന്ത്യയിലെത്തിയത്. നാല് വാഹനങ്ങളാണ് നിലവില്‍ എംജി മോട്ടോഴ്സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ളത്. ഗ്ലോസ്റ്റര്‍, ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ഇലക്ട്രിക് എസ്.യു.വിയായ ZS തുടങ്ങിയവയാണ് എം.ജിയുടെ വാഹനനിര.

 

Top