പുതിയ മോഡല്‍ ആസ്റ്ററിനെ അവതരിപ്പിച്ച് എംജി മോട്ടോഴ്സ്

പുതിയ മോഡലായ ആസ്റ്ററിനെ അവതരിപ്പിച്ച് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്സ്. എസ്.യു.വി സെഗ്മന്റില്‍ അഡ്വാന്‍സ്ഡ് ഡ്രൈവിംഗ് അസിസ്റ്റന്റ് സിസ്റ്റം (അഡാസ്) ലെവല്‍ 2 സൗകര്യമുള്ള ആദ്യ കാറെന്ന പ്രത്യേകതയോടെ സ്വയം നിയന്ത്രണ സംവിധാനങ്ങളും 80 ഇന്റര്‍നെറ്റ് ഫീച്ചറുകളുമായി ഇന്ത്യയിലെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് കാറാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 19 മുതല്‍ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിക്കുമെന്നും വില പ്രഖ്യാപനം അടുത്തമാസം നടക്കുമെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സില്‍ അധിഷ്ടിതമായ പേഴ്സണല്‍ അസിസ്റ്റന്റ് വഴി ഉപഭോക്താവിന്റെ ശബ്ദ സന്ദേശത്തിന് അനുസരിച്ച് നിരവധി സൗകര്യങ്ങളാണ് എം.ജി ആസ്റ്ററിലുള്ളത്. ഹെഡ് ടര്‍ണര്‍, വിക്കിപീഡിയ, തമാശ, വാര്‍ത്ത, ഇമോജി, ചിറ്റ്ചാറ്റ്, നാവിഗേഷന്‍, കാര്‍ കണ്‍ട്രോളിംഗ് സംവിധാനം, കാര്‍ സംബന്ധിയായ മുന്നറിയിപ്പ് തുടങ്ങീ 80 ഇന്റര്‍നെറ്റ് ഫീച്ചറുകള്‍ കാറിലുണ്ട്. ജിയോ ഇ-സിം വഴി ബന്ധിപ്പിച്ചാണ് ഇത്തരം സൗകര്യങ്ങള്‍ നല്‍കുന്നത്. ഇതിനായി 10.1 ഇഞ്ച് ടെച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.

ഏഴ് എയര്‍ബാഗുകള്‍, ഹെഡ്ലാമ്പ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്പോട്ട് ഡിറ്റക്ഷന്‍, റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ട്, സ്പീഡ് അസിസ്റ്റ് സിസ്റ്റം, ലൈന്‍ കീപ് അസിസ്റ്റ്, ഫോര്‍വേഡ് കോളിഷന്‍ വാണിഗ് എന്നിങ്ങനെ 27 ഫീച്ചറുകളാണ് സുരക്ഷക്കായി ആസ്റ്ററിലുള്ളത്. എം.ജി ഗ്ലോസ്റ്റര്‍, മഹീന്ദ്ര എക്സ്.യു.വി700 എന്നിവയിലേത് പോലെ ആസ്റ്ററില്‍ അഡ്വാന്‍സ്ഡ് ഡ്രൈവിംഗ് അസിസ്റ്റന്റ് സിസ്റ്റം (അഡാസ്) ലെവല്‍ 2 സംവിധാനവുമുണ്ട്.

രണ്ട് പെട്രോള്‍ എന്‍ജിന്‍ ഒപ്ഷനുകളാണ് ആസ്റ്ററിലുള്ളത്. ഒന്നാമത്തേത് ഒന്നര ലിറ്റര്‍ ശേഷിയുള്ള നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനാണ്. 110 എച്ച്.പി പവറും 144 എന്‍.എം ടോര്‍ക്കുമാണ് ഇതിനുള്ളത്. എട്ട് സ്റ്റെപ് സി.വി.ടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സും മാന്വല്‍ ഗിയര്‍ബോക്സും ഇതിലുണ്ട്. 1.3 ലിറ്റര്‍ ഡര്‍ബോ പെട്രോള്‍ എന്‍ജിനാണ് രണ്ടാമത്തെ ഒപ്ഷന്‍. 140 എച്ച്.പി പവറും 220 എന്‍.എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കും. സിക്സ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ് ഒപ്ഷനില്‍ മാത്രമാണ് ഈ മോഡല്‍ എത്തുക.

മൂന്നു തരം സ്റ്റിയറിംഗ് മോഡുകള്‍ ഈ എസ്.യു.വിയിലുണ്ടാകും. 90 ശതമാനം വരെ കവറേജുള്ള സ്‌കൈ റൂഫ്, മുന്നിലും പിന്നിലുമുള്ള യാത്രികര്‍ക്ക് ആംറെസ്റ്റ് എന്നിവ ആസ്റ്ററിന്റെ സവിശേഷതയാണ്. 4323 എം.എം ആണ് കാറിന്റെ മൊത്തം നീളം. 1650 എം.എം ഉയരവും 1809 എം.എം വീതിയുമാണ്.

ഇവി മോഡലായ ഇസഡ്എസിന്റെ പെട്രോള്‍ പവര്‍ പതിപ്പാണ് ആസ്റ്റര്‍. ഹെക്ടറിന് താഴെയായിട്ടായിരിക്കും എം.ജി ഇന്ത്യന്‍ നിരയില്‍ ആസ്റ്റര്‍ സ്ഥാനം പിടിക്കുക. സാഗ്രിയ റെഡ്, ഐകോണിക് ഐവറി ഡ്യൂവല്‍ കളറുകളും ട്യൂക്സെഡോ ബ്ലാക്കുമടക്കം മൂന്നു തരം ഇന്റീരിയര്‍ കളറുകളില്‍ വാഹനം തെരെഞ്ഞെടുക്കാം.

 

Top