എംജി മോട്ടോഴ്‌സ് ഇന്ത്യ പുതിയ മോഡലായ ആസ്റ്ററിന്റെ വില പ്രഖ്യാപിച്ചു

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‌സ് ഇന്ത്യ പുതിയ മോഡലായ ആസ്റ്ററിന്‍റെ (Astor) വില പ്രഖ്യാപിച്ചു. 9.78 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ പ്രാരംഭ വില എന്ന് ഇന്ത്യാ ടു ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ആസ്റ്ററിന്‍റെ മുൻ നിര വേരിയന്റുകൾക്ക്  16.78 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍.  സ്പൈസ്‍ഡ് ഓറഞ്ച്, സ്റ്റാരി ബ്ലാക്ക്, അറോറ സിൽവർ, ഗ്ലേസ് റെഡ്, കാൻഡി വൈറ്റ് എന്നിങ്ങനെ അഞ്ച് വ്യത്യസ്ത നിറങ്ങളിൽ എംജി ആസ്റ്റർ വാഗ്ദാനം ചെയ്യുന്നു –

എം‌ജി ഹെക്ടർ, എം‌ജി ഹെക്ടർ പ്ലസ്, എം‌ജി ഇസഡ്എസ് ഇവി, എം‌ജി ഗ്ലോസ്റ്റർ എന്നിവയ്ക്ക് ശേഷം ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജ് അഥവാ എം ജി മോട്ടോഴ്‌സിന്‍റെ ഇന്ത്യയിലെ അഞ്ചാമത്തെ ഉൽ‌പ്പന്നമാണ് പുതിയ എം‌ജി ആസ്റ്റർ എസ്‌യുവി.

MG ZS EV യുടെ പെട്രോൾ പതിപ്പാണിത്. 1.5 ബി ലിറ്റർ നാച്ചുറലി-ആസ്പിറേറ്റഡ് എഞ്ചിനാണ് ഹൃദയം. ഈ എഞ്ചിന്‍ 110 ബിഎച്ച്പിയും 144 എൻഎം പരമാവധി ടോർക്കും വികസിപ്പിക്കും. കൂടാതെ ഇത് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 8 സ്പീഡ് സിവിടി യൂണിറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു. മറ്റൊന്ന് 1,349 സിസി ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റാണ്, ഇത് 140 ബിഎച്ച്പിയും 220 എൻഎം പരമാവധി ടോർക്കും പുറപ്പെടുവിക്കും. ഒപ്പം 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും. എംജി മോട്ടോർ ഇന്ത്യ ആസ്റ്ററിന് ഡീസൽ പവർട്രെയിൻ നൽകില്ല.

2019 എംജി ഇസഡ്‌എസിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഡിസൈന്‍. എം‌ജി ആസ്റ്ററിന് അതിന്റേതായ സവിശേഷമായ ടച്ചുകൾ നൽകിയിട്ടുണ്ട്. അതിൽ സെലസ്റ്റിയൽ ഇഫക്റ്റ് ഉള്ള ഫ്രണ്ട് ഗ്രിൽ, ഹെഡ്‌ലാമ്പുകൾക്കിടയിൽ എൽഇഡി ട്രീറ്റ്മെന്റ്, ക്രിസ്റ്റലിൻ അലങ്കാരങ്ങൾ എന്നിവ ഉൾപ്പെടുന്നു. മുൻവശത്തെ ചില മാറ്റങ്ങളിൽ ഒരു പുതിയ ബമ്പറും പുതിയ ഫോഗ്ലാമ്പും ഉൾപ്പെടുന്നു.  വശത്ത് നിന്ന് നോക്കിയാൽ പുതിയ എംജി ആസ്റ്ററിൽ ഒരു ജോടി 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ കാണാം. ബാക്കി പ്രൊഫൈൽ ZS EV പോലെ തന്നെയാണ്. പിൻഭാഗത്ത്, സംയോജിത ഫാക്സ് എക്‌സ്‌ഹോസ്റ്റും സ്കിഡ് പ്ലേറ്റുകളുമുള്ള പുതിയ റിയർ ബമ്പറുകൾ മാത്രമാണ് എം‌ജി ആസ്റ്ററിന്റെ പുതിയ ഘടകങ്ങൾ.

Top