കേരളത്തില്‍ എംജിക്ക് മൂന്നു ഷോറൂമുകള്‍ ; ഡീലര്‍ഷിപ്പ് വിവരങ്ങള്‍ പുറത്തുവിട്ട് എംജി മോട്ടോര്‍ ഇന്ത്യ

കേരളത്തില്‍ എംജിക്ക് മൂന്നു ഷോറൂമുകള്‍ തുറന്നു. കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് നഗരങ്ങളിലാണ് ഷോറൂമുകള്‍ തുടങ്ങിയിരിക്കുന്നത്. ഡീലര്‍ഷിപ്പ് വിവരങ്ങള്‍ എംജി മോട്ടോര്‍ ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്. എട്ടു നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിങ് സംവിധാനവും ഹെക്ടറിലുണ്ട്. വിപണിയില്‍ 15 മുതല്‍ 20 ലക്ഷം രൂപ വരെ എംജി ഹെക്ടറിന് വിലസൂചിക കരുതാം.

ജൂണ്‍ നാലു മുതല്‍ പുതിയ ഹെക്ടര്‍ എസ്യുവിയുടെ പ്രീബുക്കിങ്ങും എംജി ഔദ്യോഗികമായി തുടങ്ങിയിരുന്നു. ഡീലര്‍ഷിപ്പുകള്‍, ബുക്കിങ് കേന്ദ്രങ്ങള്‍ മുഖേനയും ഓണ്‍ലൈന്‍ വെബ്സൈറ്റ് മുഖേനയും ഉപഭോക്താക്കള്‍ക്ക് ഹെക്ടര്‍ ബുക്ക് ചെയ്യാം. 50,000 രൂപയാണ് ബുക്കിങ് തുക. ബുക്കിങ് ക്യാന്‍സല്‍ ചെയ്താലും അടച്ച തുക പൂര്‍ണ്ണമായും തിരികെ നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ഹ്യുണ്ടായി വെന്യുവിനെ പോലെ ഇന്റര്‍നെറ്റ് കാറെന്ന് എംജി ഹെക്ടറും അവകാശപ്പെടും. അന്‍പതില്‍പ്പരം ഇന്റര്‍നെറ്റ് അധിഷ്ടിത ഫീച്ചറുകള്‍ ഹെക്ടറിലുണ്ട്. ശ്രേണിയില്‍ ഏറ്റവും ഫീച്ചര്‍ സമ്പന്നമായ എസ്യുവിയായിരിക്കും പുതിയ എംജി അവതാരം. 1.5 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് ഹെക്ടറിനെ എംജി അവതരിപ്പിക്കുക.

48V ശേഷിയുള്ള 1.5 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് മോഡലിനെയും എംജി അണിനിരത്തും. 143 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കാന്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ പ്രാപ്തമാണ്. 170 bhp കരുതത്തും 350 Nm torque -മാണ് ഹെക്ടര്‍ ഡീസലിനുള്ളത്. 15.81 കിലോമീറ്റര്‍ മൈലേജ് പെട്രോള്‍ ഹൈബ്രിഡ് ഹെക്ടര്‍ മോഡല്‍ കുറിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ഹീറ്റിങ് ശേഷിയുള്ള മിററുകള്‍, വിശാലമായ പാനരോമിക് സണ്‍റൂഫ്, മുന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഫ്ളോട്ടിങ് ശൈലിയുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, 360 ഡിഗ്രി ക്യാമറ തുടങ്ങിയ വിശേഷങ്ങളും ഹെക്ടറില്‍ എടുത്തു പറയണം.

Top